വരയാലിൽ കൂരമാനിനെ വെടിവെച്ച സംഘം വനംവകുപ്പിന്റെ പിടിയില്‍

തലപ്പുഴ : വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ജോണ്‍സണ്‍ കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനിനെ വെടിവെച്ച വെണ്മണി സ്വദേശികളായ കാമ്പട്ടി പുളിമൂല ഹൗസ് മോഹന്‍ദാസ് എം.ആര്‍ (44), കാമ്പട്ടി കുറുമ്പാട്ട് കുന്നേല്‍ വീട്
സുജിത്ത് കെ.എസ് (29) എന്നിവരെയാണ് വരയാല്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി ആനന്ദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ജോണ്‍സണ്‍ കുന്ന് വനഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയ്ക്കിടയില്‍ വനത്തില്‍ നിന്നും വെടി പൊട്ടിയ ശബ്ദം കേട്ട് വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സിറിള്‍ സെബാസ്റ്റ്യന്‍, അരുണ്‍.സി, അരുണ്‍ ചന്ദ്രന്‍, ഫലുല്‍ റഹ്മാന്‍, ആര്‍.എഫ്.ഡബ്ല്യു സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അതിസാഹസികമായി പ്രതികളെ പിടികൂടിയത്.
വേട്ട സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞതായും പ്രതികള്‍ക്കെതിരെ വനം വന്യജീവി പ്രകാരമുള്ള കേസുകള്‍ക്ക് പുറമേ ലൈസന്‍സ് ഇല്ലാതെ തോക്ക് കൈവശം വച്ചതിന് ആയുധം നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് പോലീസിന് കൈമാറുമെന്നും, പ്രതിയായ മോഹന്‍ദാസ് 2014 ല്‍ തോല്‍പ്പെട്ടിയില്‍ കാട്ടുപോത്തിനെ വെടിവച്ച കേസിലും അറസ്റ്റിലായ പ്രതിയാണെന്നും പേര്യ ആര്‍.എഫ്.ഒ ഡി.ഹരിലാല്‍ പറഞ്ഞു.