തുടര്‍ച്ചയായ ഇടിവിനൊടുവില്‍ സ്വര്‍ണവിലയിൽ നേരിയ വർധന

കൽപ്പറ്റ : തുടർച്ചയായ ഇടിവിനൊടുവില്‍ സ്വർണവിലയില്‍ നേരിയ വർധനവ്. സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 8,195രൂപയും പവന് 80 രൂപ കൂടി 65,560 രൂപയുമായി. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില മൂന്ന് ദിവസത്തെ ഇറക്കത്തിനു ശേഷം ഇന്നലെ 0.29 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,021 ഡോളറിലെത്തിയിരുന്നു. ഇതാണ് ഇന്ന് കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച റെക്കോർഡിലെത്തിയിരുന്നു സ്വർണവില. എന്നാല്‍ അതിനു ശേഷം വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നത്തെ വിലയനുസരിച്ച് പണിക്കൂലിയടക്കം ഒരു പവന് 71,000 രൂപയാകും. കഴിഞ്ഞ അഞ്ച്ദിവസത്തിനിടെ പവന് 1000 രൂപയോളമാണ് കുറഞ്ഞത്. വെള്ളിയുടെ വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 109 രൂപയാണ്.
മാർച്ച് 18നാണ് സ്വർണവില 66,000 തൊട്ടത്. തുടർന്ന് മാർച്ച് 20ന് 66,480 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മാർച്ച് 21ന് 66,160 രൂപയിലേക്കും 22ന് 65,840 രൂപയിലേക്കും എത്തിയ സ്വർണവില തിങ്കളാഴ്ച 65,720 രൂപയിലേക്ക് വീണ്ടും താഴ്ന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.