March 14, 2025

നഴ്സിങ്ങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടി : വയനാട് സ്വദേശിയായ യുവാവ് പിടിയില്‍

Share

 

ആലപ്പുഴ : നഴ്‌സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേർത്തല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകന് ബാംഗ്ലൂർ നഴ്‌സിങ് കോളേജില്‍ അഡ്മിഷൻ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് ചേർത്തല സ്വദേശിയില്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്.

 

2022 ലാണ് സാദിഖ് നഴ്സിങ്ങ് കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ പണം സ്വീകരിച്ചത്. എന്നാല്‍ തട്ടിപ്പ് മനസിലായതോടെ പറ്റിക്കപ്പെട്ടവര്‍ പലതവണ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ സാദിഖ് പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചേർത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

 

കേസ് രജിസ്റ്റർ ചെയ്തതിനുശേഷം പല സ്ഥലങ്ങളിലായി പ്രതി ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ വയനാട് പനമരം പൊലീസ് സ്റ്റേഷനില്‍ സമാന രീതിയിലുള്ള ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്ബ്ര, കൊടുവള്ളി എന്നിവിടങ്ങളിലും വയനാട് സുല്‍ത്താൻ ബത്തേരിയിലും ഇയാള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സാമ്ബത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചേര്‍ത്തല അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

 

ചേര്‍ത്തല ഐഎസ്‌എച്ച്‌ഒ അരുണ്‍ ജി, എസ്‌ഐ സുരേഷ് എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.