കുതിപ്പ് തുടർന്ന് സ്വർണവില : ഇന്ന് വീണ്ടും കൂടി

കൽപ്പറ്റ : കഴിഞ്ഞ ദിവസം സർവകാല റെക്കോഡില്‍ എത്തിയ സ്വർണവില ഇന്നലെ അല്‍പം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045 രൂപയും പവന് 64,360 രൂപയുമായി.
പത്തുദിവസം മുമ്ബുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായിരുന്നു അന്നത്തെ വില. എന്നാല്‍, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.
ഈ വർഷം മാത്രം7,360 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉള്‍പ്പെടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണം വാങ്ങണമെങ്കില്‍ 70,000 രൂപക്ക് മുകളില്‍ നല്‍കണം.
ഇതിന് മുമ്ബ് ഫെബ്രുവരി 11നാണ് സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.
പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ ചുമത്തല്‍ അടക്കമുള്ള നടപടികളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന്‍റെ ഡിമാൻഡ് വർധിക്കുന്നതുമാണ് വിലക്കുതിപ്പിന് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ വിനിമയനിരക്കിലെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.