March 12, 2025

വന്യമൃഗ ആക്രമണം : വയനാട്ടിൽ 42 ദിവസത്തിനിടെ പൊലിഞ്ഞത് മൂന്നുജീവനുകൾ

Share

 

കൽപ്പറ്റ : വയനാട്ടിൽ ഈ വർഷം 42 ദിവസങ്ങൾമാത്രം പിന്നിട്ടപ്പോൾ മൂന്നുജീവനുകളാണ് വന്യമൃഗാക്രമണത്തിൽ‌ പൊലിഞ്ഞത്. ജനുവരി എട്ടിന് രാത്രി പുൽപ്പള്ളി ചേകാടിയിലായിരുന്നു മനുഷ്യജീവനെടുത്ത ആദ്യ ആക്രമണം. കർണാടക കുട്ടസ്വദേശി വിഷ്ണുവാണ്‌ (22) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതുകഴിഞ്ഞ് ദിവസങ്ങൾമാത്രം കഴിഞ്ഞപ്പോൾ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാപ്പിപറിക്കാൻപോയ രാധയെ (45) കടുവ കൊന്നുതിന്നു. പ്രതിഷേധങ്ങളും സങ്കടങ്ങളും അടങ്ങുന്നതിനുമുന്നേ, ഇന്നലെ അടുത്ത ആക്രമണമുണ്ടായി. തമിഴ്‌നാട് നീലഗിരി ജില്ലയിലെ അമ്പലമൂല നരിക്കൊല്ലിയിലെ മെഴുകൻമൂല ഉന്നതിയിലെ മാനുവിനെ (46) കാട്ടാന കൊലപ്പെടുത്തി. ഒരു ദാരുണമരണം കഴിയുമ്പോൾ അടുത്തത് എന്നായി വന്യമൃഗാക്രമണവും മരണവും ആവർത്തിക്കപ്പെടുകയാണ്.

 

തിങ്കളാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് തറവാട്ടുവീട്ടിലേക്ക് സാധനങ്ങളും വാങ്ങി വരുന്നവഴിയിലായിരുന്നു മാനുവിനെ ആന ആക്രമിച്ചത്. വീടിന് ഇരുനൂറുമീറ്ററോളം അകലെ യുള്ള വയലിലാണ് മൃതദേഹം കണ്ടത്. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. മൃതദേഹത്തിനുസമീപം സാധനങ്ങളും മാനുവിൻ്റെ ഭാര്യ ചന്ദ്രികയുടേതാണെന്ന് കരുതുന്ന ഷാളും കണ്ടെത്തി. ചന്ദ്രികയെ ആന ആക്രമിച്ചോയെന്ന സംശയവുമുയർന്നു. തിരച്ചിൽ നടത്തുന്നതിനിടെ നമ്പ്യാരുകുന്ന് ടൗണിൽ നിന്ന് ചന്ദ്രികയെ കണ്ടെത്തി നൂൽപ്പുഴ സ്റ്റേഷനിലെത്തിച്ചു.

 

തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് എഫ്.ആർ.എഫും, തൃണമൂൽ കോൺഗ്രസ്സും ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ വ്യാപാരികൾ ഉൾപ്പെടെ ഹർത്താലിൽ നിന്നും വിട്ടു നിൽക്കുകയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.