പ്രായമായ മാതാപിതാക്കള്‍ക്ക് മക്കള്‍ സാമ്പത്തിക സഹായം നല്‍കണം : ഒഴിഞ്ഞുമാറാനാവില്ല ; ഹൈക്കോടതി

കൊച്ചി : പ്രായമായ മാതാപിതാക്കള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്ബത്തികസഹായം നല്‍കിയാലും സാമ്ബത്തികമായ ഉത്തരവാദിത്തത്തില്‍ നിന്ന് മക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി. മാതാപിതാക്കളെ സംരക്ഷിക്കാന്‍ മക്കള്‍ക്ക് ധാര്‍മികപരമായും മതപരമായും നിയമപരമായും ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി പറയുന്നു. ആണ്‍മക്കള്‍ക്കാണ് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തമെന്നും വിവിധ മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
ചെലവിന് നല്‍കാന്‍ മക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 74കാരനായ ഒരു പിതാവ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്. തന്റെ മക്കള്‍ക്ക് കുവൈത്തില്‍ നല്ല ജോലിയുണ്ടെന്നും സാമ്ബത്തികമായി ഉയര്‍ന്ന നിലയിലായിട്ടും സാമ്ബത്തികസഹായം നല്‍കുന്നില്ലെന്നുമാണ് പിതാവ് ഹരജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിതാവിന്റെ സഹോദരന്‍ 2018 മുതല്‍ പിതാവിന് സാമ്ബത്തിക സഹായം നല്‍കുന്നതായി മക്കള്‍ വാദിച്ചു. ഈ വാദം കോടതി തള്ളി.
”വൃദ്ധനായ അച്ഛനോ അമ്മയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാമ്ബത്തിക സഹായത്തോടെ ജീവിക്കുന്നുണ്ടെന്നത് മക്കളുടെ ഉത്തരവാദിത്തം ഒഴിവാക്കില്ല. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കേണ്ടത് മക്കളുടെ ധാര്‍മ്മിക കടമയും നിയമപരമായ ബാധ്യതയുമാണ്. ധാര്‍മ്മികത, മതം, നിയമം എന്നിവയില്‍ വേരൂന്നിയ ഒരു അടിസ്ഥാന കടമയാണ് മക്കള്‍ക്കുള്ളത്. വിവിധ മതഗ്രന്ഥങ്ങള്‍, സാംസ്‌കാരിക പാരമ്ബര്യങ്ങള്‍, നിയമ ചട്ടക്കൂടുകള്‍ എന്നിവ മക്കള്‍, പ്രത്യേകിച്ച് ആണ്‍മക്കള്‍, വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കണമെന്ന് പറയുന്നുണ്ട്…..പിതാവ് ഒരിക്കല്‍ മക്കളെ പരിപാലിച്ചതു പോലെ പിതാവ് വൃദ്ധനും ആവശ്യക്കാരനുമാകുമ്ബോള്‍ മകന്‍ പരിപാലിക്കണം. ഈ ഉത്തരവാദിത്തം ധാര്‍മ്മികവുമായ ബാധ്യത മാത്രമല്ല, നിയമപരമായ കടമ കൂടിയാണ്. പ്രായമായവരെ അന്തസ്സോടെയും കരുതലോടെയും പരിഗണിക്കുമ്ബോഴാണ് സമൂഹം അഭിവൃദ്ധി പ്രാപിക്കുന്നത്. പ്രായമായ പിതാവിനെ അവഗണിക്കുന്നത് വൈകാരിക ക്ലേശത്തിലേക്ക് നയിക്കുക മാത്രമല്ല, സമൂഹത്തിന്റെ ഘടനയെ തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.”
ഹിന്ദു ധര്‍മ്മം, മനുസ്മൃതി, ഖുര്‍ആന്‍, ബൈബിള്‍, ബുദ്ധമത പാഠങ്ങള്‍ എന്നിവയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പിതാവിന് പ്രതിമാസം 20,000 രൂപ വീതം നല്‍കാന്‍ ഉത്തരവിട്ടു.