March 12, 2025

പരിവാഹൻ സൈറ്റില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തില്ലേ ? ഫെബ്രുവരി 15 വരെ അവസരം

Share

 

തിരുവനന്തപുരം : വാഹന ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്ബര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈല്‍ നമ്ബറുകള്‍ വാഹൻ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിനായി എല്ലാ റീജിയണല്‍, സബ് റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ-ആധാർ ഉപയോഗിച്ച്‌ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷകള്‍ ഓണ്‍ലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി മൊബൈല്‍ നമ്ബർ അപ്‌ഡേഷൻ നടത്താം.

 

അതേ സമയം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാർച്ച്‌ ഒന്നാം തീയ്യതി മുതല്‍ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് അറിയിച്ചു. പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആർ.സിയായിരിക്കും നല്‍കുകയെന്ന് മോട്ടോർ വാഹന വകുപ്പ്. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

 

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ 2025 മാർച്ച്‌ ഒന്നാം തീയ്യതി മുതല്‍ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.