ഇനി എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ; പുതിയ ആപ്പ് പുറത്തിറക്കി റെയില്‍വേ

ദില്ലി: ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്കായി സ്വാറെയില്‍ (SwaRail) എന്ന പുതിയ സൂപ്പർ ആപ്പിന്‍റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കി.
റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ ഈ സൂപ്പർ ആപ്പ് റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളില്‍ ഭക്ഷണം ഓർഡർ ചെയ്യല്‍, പിഎൻആർ അന്വേഷണങ്ങള്‍ തുടങ്ങിയവ പോലുള്ള ബഹുമുഖ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ്. സ്വാറെയില്‍ നിലവില്‍ ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ബീറ്റയിലാണ് ലഭ്യം. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി അനേകം ആപ്പുകളെ ആശ്രയിക്കുന്നത് സൂപ്പര്‍ ആപ്പിന്‍റെ വരവോടെ ഒഴിവാകും.
മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും പുതിയ ആപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ സ്വാറെയില്‍ ആപ്പ് നിലവില്‍ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. ഉപയോക്താക്കളില്‍ നിന്നുള്ള ഫീഡ്‌ബാക്ക് സ്വീകരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍. സ്വാറെയില്‍ ആപ്ലിക്കേഷന്‍റെ പ്രവർത്തന രീതി നിലവിലുള്ള ഐആർസിടിസി ആപ്പിന് സമാനമാണ്. എന്നാല്‍ ഐആര്‍സിടിസിയെ അപേക്ഷിച്ച് സ്വാറെയില്‍ ആപ്പില്‍ നിരവധി ഓപ്ഷനുകള്‍ ഒരുമിച്ച് നല്‍കിയിരിക്കുന്നു.
നിങ്ങള്‍ക്ക് പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി സ്വറെയില്‍ (SwaRail) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് ശേഷം, നിലവിലുള്ള ഐആർടിസി അക്കൗണ്ടിന്‍റെ സഹായത്തോടെ ലോഗിൻ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടാകും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയുമാകാം. ഇതിന് ശേഷം ആപ്പില്‍ ലഭ്യമായ നിരവധി സേവനങ്ങളുടെ ഉപയോഗം ആരംഭിക്കാം. ആപ്പിന്‍റെ ബീറ്റ പതിപ്പില്‍ എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കില്‍ അത് റിപ്പോർട്ട് ചെയ്യാനും സാധിക്കും.
അതേസമയം നിലവില്‍ തിരഞ്ഞെടുത്തവർക്ക് മാത്രമാണ് ആപ്പിലേക്ക് ആക്‌സസ് നല്‍കിയിരിക്കുന്നത്. അതായത് സ്വാറെയില്‍ ആപ്പ് നിലവില്‍ ബീറ്റയില്‍ മാത്രമാണ് ലഭ്യം. കൂടാതെ ഉപയോക്താക്കള്‍ക്ക് ആപ്പിന്‍റെ മെച്ചപ്പെടുത്തലിനായി അവരുടെ ഫീഡ്‌ബാക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. റെയില്‍വേ മന്ത്രാലയത്തിന്‍റെ സമഗ്രമായ വിലയിരുത്തലിന് ശേഷം സ്വാറെയില്‍ സൂപ്പർ ആപ്പ് പൊതുജനങ്ങള്‍ക്കായി പുറത്തിറക്കും. നിലവിലുള്ള എല്ലാ ബഗ്ഗുകളും പരിഹരിച്ചുകഴിഞ്ഞാല്‍ മാത്രമേ സ്വാറെയിലിന്‍റെ സ്ഥിരമായ പതിപ്പ് പൊതുജനങ്ങള്‍ക്കായി റിലീസ് ചെയ്യുകയുള്ളൂവെന്ന് ചുരുക്കം. നിലവില്‍ സ്വാറെയില്‍ ആപ്പിന്‍റെ ഔദ്യോഗിക ലോഞ്ച് തീയതി ഇന്ത്യൻ റെയില്‍വേ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈ വർഷത്തിന്‍റെ ആദ്യ പാദത്തില്‍ സ്വാറെയില്‍ ആപ്പ് എല്ലാവർക്കും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകള്‍.
ഈ സേവനങ്ങളുടെ പ്രയോജനം നിങ്ങള്‍ക്ക് ഒരുമിച്ച് ലഭിക്കും
നിലവില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വ്യത്യസ്‍ത ആവശ്യങ്ങള്‍ക്കായി നിരവധി ആപ്പുകളുടെയോ വെബ്‌സൈറ്റുകളുടെയോ സഹായം തേടേണ്ടിവരുന്നുണ്ട്. ഉദാഹരണത്തിന്, ടിക്കറ്റ് ബുക്ക് ചെയ്യല്‍, ട്രെയിനിന്‍റെ റണ്ണിംഗ് സ്റ്റാറ്റസ് പരിശോധിക്കല്‍ തുടങ്ങിയ ജോലികളെല്ലാം ഒരേ ആപ്പില്‍ നിന്നും ചെയ്യാൻ സാധിക്കില്ല. സൂപ്പർ ആപ്പായ സ്വാറെയില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരേസമയം നല്‍കും. യാത്രക്കാർക്ക് ഏത് പരാതിയും എളുപ്പത്തില്‍ അറിയിക്കാനും ഇതിലൂടെ സാധിക്കും.
സെന്‍റര്‍ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് സ്വാറെയില്‍ സൂപ്പർ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ റെയില്‍വേയുടെ എല്ലാ പബ്ലിക് ഫെയ്‌സിംഗ് ആപ്പുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിച്ചുകൊണ്ട് ഇത് ഒറ്റത്തവണ പരിഹാരമായി പ്രവർത്തിക്കുന്നു. സ്വാറെയില്‍ സൂപ്പർ ആപ്പ് ഉപയോഗിച്ച് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകള്‍ക്കും, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, പാഴ്‌സല്‍, ചരക്ക് ഡെലിവറികളെ കുറിച്ച് അന്വേഷിക്കാനും, ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, ട്രെയിനുകളില്‍ ഭക്ഷണം ഓർഡർ ചെയ്യാനും, പരാതികള്‍ക്കും സംശയങ്ങള്‍ക്കും റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെടാനും സാധിക്കും.
ഈ ആപ്പിന്‍റെ പ്രധാന സവിശേഷതകള്‍
1. റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗ്
2. റിസർവ് ചെയ്യാത്തതും പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗും
3. പാഴ്‌സല്‍, ചരക്ക് അന്വേഷണങ്ങള്‍
4. ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് അന്വേഷണങ്ങള്‍
5. ട്രെയിനുകളില്‍ ഭക്ഷണം ഓർഡർ ചെയ്യാം
6. പരാതി മാനേജ്മെന്‍റ്
7. സമഗ്രമായ യാത്രാ വിവരങ്ങള്‍ നല്‍കുന്നതിന് ഒന്നിലധികം സേവനങ്ങളുടെ സംയോജനം
8. ഒരു ലളിതമായ ഓണ്‍ബോർഡിംഗ് പ്രക്രിയ
9. ബയോമെട്രിക് പ്രാമാണീകരണവും എം-പിനും ഉള്‍പ്പെടെ ഒന്നിലധികം ലോഗിൻ ഓപ്ഷനുകള്‍
10. റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ബുക്കിംഗുകള്‍ക്കുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോം