പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി; ജഡം കണ്ടെത്തിയത് പുലര്‍ച്ചെ 2.30 ഓടെ

മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.നരഭോജി കടുവ തന്നെയാണിത്. പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഇന്നലെ ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ കടുവ ആക്രമിച്ചിരുന്നു. അപ്പോള്‍ മറ്റു സംഘാംഗങ്ങള്‍ വെടിവെച്ചിരുന്നു. എന്നാല്‍ വെടി കൊണ്ടില്ലെന്നായിരുന്നു സംഘത്തിന്റെ നിഗമനം. കടുവയുടെ ആക്രമണത്തില്‍ പഞ്ചാരക്കൊല്ലി സ്വദേശി രാധ കൊല്ലപ്പെട്ടിരുന്നു.
ദൗത്യസംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ പുലര്‍ച്ചെ 2.30ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണകാരണം അറിയാന്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം വേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ പിലാക്കാവ് പ്രദേശത്ത് കടുവയെ കണ്ടതായി ദൗത്യസംഘം അറിയിച്ചിരുന്നു. ഇന്ന് കടുവയുടെ കാല്‍പ്പാട് കണ്ട് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ കടുവ ചത്തുകിടക്കുന്നതായി കണ്ടത്. കടുവയുടെ ദേഹത്തെ വരകള്‍ പരിശോധിച്ച് ചത്തത് നരഭോജി കടുവ തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്.