March 15, 2025

ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞു, ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം : ആശങ്കയോടെ ലോകം

Share

 

ബീജിംഗ് : ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരി സ്ഥിരീകരിച്ച്‌ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 

ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. ചൈനയിലെ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച്‌ നിരവധി പേര്‍ എത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും അവകാശവാദങ്ങളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല.

 

എച്ച്‌എംപിവി ഇന്‍ഫ്‌ലുവന്‍സ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയപ്പെടുന്നു. കൂടാതെ കൊവിഡിന് സമാനമായ ലക്ഷണങ്ങളും പ്രകടിപ്പിക്കാം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം അജ്ഞാത ഉത്ഭവമുള്ള ന്യുമോണിയ കേസില്‍ നിരീക്ഷണ സംവിധാനം പൈലറ്റ് ചെയ്യുന്നതായി ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.

 

ശൈത്യകാലത്ത് ചില ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും രോഗ നിയന്ത്രണ, പ്രതിരോധ ഏജന്‍സികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും കൈകാര്യം ചെയ്യാനും വേണ്ട നടപടിക്രമം പുറത്തിറക്കും എന്ന് അറിയിച്ചിട്ടുണ്ട്.

 

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ വര്‍ധനവ് കാണിക്കുന്നു എന്നാണ് വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധനായ കന്‍ ബിയാവോ പറഞ്ഞു.

 

അടുത്തിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. കേസുകളുടെ വര്‍ധനവ് കണക്കിലെടുത്ത് ആരോഗ്യ വിദഗ്ധര്‍ രോഗ വ്യാപനത്തെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയും മാസ്‌ക് ധരിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഗുരുതരമായ കേസുകള്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ എന്നിവയ്ക്ക് കാരണമാകാം. ശിശുക്കളിലും പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളിലും പ്രത്യേക ശ്രദ്ധ വേണം. ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) അല്ലെങ്കില്‍ എംഫിസെമ പോലുള്ള ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

 

 

 

അതേസമയം, ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട എച്ച്‌എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ല്‍ ആണെങ്കിലും, 24 വർഷത്തിനുശേഷവും വാക്സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ (ചൈന സിഡിസി) പ്രകാരം , ന്യൂമോവിരിഡേ കുടുംബത്തിലും മെറ്റാപ്‌ന്യൂമോവൈറസ് ജനുസ്സിലും ഉള്‍പ്പെടുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) ആർഎൻഎ വൈറസാണ്. 2001-ല്‍, അജ്ഞാതമായ രോഗാണുക്കള്‍ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയുള്ള കുട്ടികളുടെ നാസോഫറിംഗല്‍ ആസ്പിറേറ്റ് സാമ്ബിളുകളില്‍ ഡച്ച്‌ വിദഗ്ധരാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്.

 

കുറഞ്ഞത് 60 വർഷമായി നിലനില്‍ക്കുന്നതും സാധാരണ ശ്വാസകോശ രോഗകാരിയായി ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. അക്കാദമിക് മെഡിക്കല്‍ സെൻ്റർ ക്ലീവ്‌ലാൻഡ് ക്ലിനിക്കിൻ്റെ അഭിപ്രായത്തില്‍, മെറ്റാപ്‌ന്യൂമോവൈറസിനെ ചികിത്സിക്കുന്ന ആൻറിവൈറല്‍ മരുന്നുകളൊന്നും നിലവില്‍ ഇല്ല.

 

ചൈന സിഡിസി വെബ്‌സൈറ്റില്‍ വൈറസിനുള്ള വാക്‌സിനേഷനൊന്നും പരാമർശിച്ചിട്ടില്ല. രോഗബാധിതനായ വ്യക്തി ചിട്ടയായ ജീവിതശൈലി നിലനിർത്തണമെന്നും നല്ല മാനസികാവസ്ഥയില്‍ തുടരണമെന്നും മെഡിക്കല്‍ പോർട്ടല്‍ സൂചിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്ബോള്‍ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകല്‍, വായുസഞ്ചാരം, ശാസ്ത്രീയ അണുനശീകരണം എന്നിവ എച്ച്‌എംപിവി അണുബാധയെ ചെറുക്കാൻ സഹായിക്കുമെന്നും പറയുന്നു.

 

എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? (Human metapneumovirus)

 

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് HMPV. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികള്‍, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

 

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

 

ചില കേസുകളില്‍, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്‌എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.