വയനാട് ബാങ്ക് നിയമന വിവാദം ; ആരോപണങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ

ബത്തേരി: വയനാട് ഡി.സി.സി ട്രഷററുടെ മരണത്തിന് പിന്നാലെ ഉയർന്ന വയനാട്ടിലെ ബാങ്ക് നിയമന വിവാദത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ. തനിക്കെതിരേ ഉയർന്നുവന്ന ആരോപണത്തിലും പുറത്തുവന്ന രേഖകളുമായി ബന്ധപ്പെട്ടുമാണ് എസ്.പിക്ക് പരാതി നല്‍കിയത്.
പണം വാങ്ങാൻ ഒരാള്‍ക്കും നിർദ്ദേശം നല്‍കിയില്ലെന്നും എൻ.എം വിജയൻ എഴുതിയതായി പറയുന്ന കത്തും ഒപ്പിട്ട ഉടമ്ബടിയും വ്യാജമാണെന്നും പരാതിയില്‍ എം.എല്‍.എ വ്യക്തമാക്കി.
നീതിയുക്തമായി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനിധിയാണ് താനെന്നും തനിക്കെതിരേ 2021-ല്‍ ആരോപണമുയർന്നപ്പോള്‍ കെ.പി.സി.സിക്ക് പരാതികൊടുത്തുവെന്നും അന്വേഷിച്ചപ്പോള്‍ അത് വ്യാജമാണെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതായും ഐ.സി ബാലകൃഷ്ണൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയനേയും മകൻ ജിജേഷിനേയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ബാങ്ക് നിയമനവിവാദം ഉയർന്നത്. എൻ.എം. വിജയനും വയനാട് സ്വദേശിയായ ഉദ്യോഗാർഥിയുടെ പിതാവും തമ്മിലുള്ള കരാർ രേഖയാണ് പുറത്തുവന്നത്. ബാങ്ക് നിയമനത്തിനായി ഉദ്യോഗാർഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായാണ് കരാർ. എൻ. എം വിജയനാണ് രേഖയില്‍ ഒപ്പിട്ടിരിക്കുന്നത്. അന്നത്തെ ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്റെ പേരും കരാറിലുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താൻ ബത്തേരി അർബൻ ബാങ്കിലോ, പൂതാടി, മടക്കിമല എന്നീ പ്രദേശത്തെ സർവീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്നാണ് രേഖയില്‍ പറയുന്നത്. ഐ.സി. ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് പണം കൈപ്പറ്റുന്നതെന്നും രേഖയിലുണ്ട്. ആ രേഖകള്‍ വ്യാജമാണെന്നാണ് ഐ.സി ബാലകൃഷ്ണന്റെ വാദം.