കമ്പളക്കാട്ട് എം.ഡി.എം.എ. പിടികൂടിയ സംഭവം ; ഒരാൾ കൂടി അറസ്റ്റില്‍

കമ്പളക്കാട് : വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വില്പനക്ക് സഹായിക്കുന്ന കണിയാമ്പറ്റ മന്നൻകണ്ടി വീട്ടിൽ (ഇപ്പോൾ പറളിക്കുന്ന് താമസം) മുഹമ്മദ് സുഹൈൽ ( 27) ആണ് പിടിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ പറളിക്കുന്ന് വച്ചാണ് കൽപ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം 29 നാണ് രഹസ്യവിവരത്തെത്തുടർന്ന് കമ്പളക്കാട് ഒന്നാംമൈല്‍ കറുവ വീട്ടില്‍ കെ.മുഹമ്മദ് നിസാമുദ്ധീന്റെ (25) വീടിന്റെ കിടപ്പുമുറിയില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തത്. അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ ഇത് തൂക്കുന്നതിനായുള്ള ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തിരുന്നു.
ഇയാളെ അന്ന് തന്നെ കമ്പളക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിലെ രണ്ടാം പ്രതിയായ മുട്ടില്‍ പറളിക്കുന്ന് പുത്തൂര്‍കണ്ടി വീട്ടില്‍ പി.എം.നജീബ് (27)നെയും പിടികൂടി. പിടിയിലായ മൂന്നു പേരും റിമാൻഡിലാണ്.