കൂടല്‍ക്കടവില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ചു ; വധശ്രമത്തിന് കേസ്

മാനന്തവാടി : കൂടല്‍ക്കടവില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട ആദിവാസി യുവാവിനെ 400 മീറ്റളോളം റോഡില്‍ വലിച്ചിഴച്ചു.
ഇന്നലെ വൈകുന്നേരം പുല്‍പ്പള്ളി റോഡിലെ കൂടല്‍ക്കടവിനു സമീപമാണ് സംഭവം. കൂടല്‍ക്കടവ് ചെമ്മാട് ഉന്നതിയിലെ മാതനാണ് അതിക്രമത്തിന് ഇരയായത്. കാറില്‍ സഞ്ചരിച്ച യുവാക്കള്‍ മാതന്റെ കൈ വാതിലിനോട് ചേര്‍ത്തുപിടിച്ചാണ് വലിച്ചിഴച്ചത്. അതിക്രമത്തിനുശേഷം മാതനെ റോഡില്‍ ഉപേക്ഷിച്ച് സംഘം കടന്നു. ഗുരുതര പരിക്കേറ്റ മാതനെ നാട്ടുകാരാണ് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
കൂടല്‍ക്കടവിലെ തടയണ കാണാനെത്തിയ സംഘങ്ങള്‍ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുകാരുമായി സഞ്ചാരികള്‍ ഉരസി. ഇതിനിടെ കല്ലുമായി ആക്രമിക്കാന്‍ മുതിര്‍ന്ന സഞ്ചാരിയെ തടഞ്ഞപ്പോഴാണ് കാറില്‍ ഇരുന്നവര്‍ മാതനെ റോഡിലൂടെ വലിച്ചിഴച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കെഎല്‍ 52 ഒ 8733 മാരുതി സെലേരിയോ കാര്‍ മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്ക്. സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്താണ് പോലീസ് അന്വേഷണം.