ഓട്ടോറിക്ഷയിൽ മദ്യവിൽപന : യുവാവ് അറസ്റ്റിൽ

മേപ്പാടി : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് കൽപറ്റ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫിസർ പി. കൃഷ്ണൻകുട്ടിയും സംഘവും മേപ്പാടി മാനിവയലിൽ നടത്തിയ റെയ്ഡിൽ ഓട്ടോറിക്ഷയിൽ വിദേശമദ്യം സൂക്ഷിച്ച് വിൽപന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു.
മേപ്പാടി ചെമ്പോത്തറ സ്വദേശി പാലാപ്പടിയൻ വീട്ടിൽ നൗഫലിനെ (40) ആണ് അറസ്റ്റ് ചെയ്തത്.
മേപ്പാടി, ചെമ്പോത്തറ, മാനിവയൽ , കോട്ടവയൽ ഭാഗങ്ങളിൽ ഇയാൾ മദ്യവിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഇയാളിൽ നിന്നും 10 ലിറ്റർ വിദേശമദ്യവും, മദ്യം വിറ്റവകയിൽ ലഭിച്ച 7250 രൂപയും, മദ്യവിൽപനയ്ക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
പ്രതിയെ തുടർ നടപടികൾക്കായി കൽപറ്റ എക്സൈസ് റെയ്ഞ്ചിന് കൈമാറി.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫിസർമാരായ പി. കൃഷ്ണൻകുട്ടി ,കെ. എം. ലത്തീഫ്, എക്സൈസ് ഡ്രൈവർ അൻവർ കളോളി എന്നിവർ പങ്കെടുത്തു.