കന്നി അങ്കത്തില്‍ രാഹുല്‍ ഗാന്ധിയെ മറികടന്ന് പ്രിയങ്ക : 4 ലക്ഷവും കടന്ന് ഭൂരിപക്ഷം

കല്‍പ്പറ്റ : 2024 വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ രാഹുലിനെ മറികടന്ന് പ്രിയങ്ക ഗാന്ധി. 4,04619 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ചത്. അരങ്ങേറ്റ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക വിജയം കരസ്ഥമാക്കി.
വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ലീഡ് നില ഉയർത്തി മുന്നേറിയ പ്രിയങ്കയ്ക്ക് 6,12020 വോട്ടുകളാണ് ലഭിച്ചത്. അതേസമയം തുടക്കം മുതല്‍ തിരച്ചടിയാണ് എല്‍ഡിഎഫും എൻഡിഎയും നേരിട്ടത്. പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്നായിരുന്നു രണ്ട് മുന്നണികളുടെയും ആരോപണം എന്നാല്‍ തിരിച്ചടിയായത് എല്‍ഡിഎഫിനും എൻഡിഎയ്ക്കുമാണ്. 207401 വോട്ടുകളാണ് എൽ.ഡി.എഫിന് ലഭിച്ചത്. 108080 വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥിയും നേടി.
2014 ല്‍ യുഡിഎഫ് കോട്ടയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സത‍്യൻ മൊക്കേരിയുടെ ഇത്തവണത്തെ പ്രകടനം ദയനീയമായിരുന്നു. പ്രിയങ്ക ഗാന്ധി ആറ് ലക്ഷത്തിലധികം വോട്ട് നേടിയപ്പോള്‍ സത‍്യൻ മൊക്കേരിക്ക് മൂന്നിലൊന്ന് വോട്ടുകള്‍ പോലും നേടാൻ സാധിച്ചില്ല. എൻഡിഎ സ്ഥാനാർഥി നവ‍്യ ഹരിദാസിനും ഇതു തന്നെയായിരുന്നു ഫലം.
പ്രിയങ്കാ ഗാന്ധിക്ക് നാല് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ബൂത്തുതല അവലോകനത്തിന് ശേഷം കോണ്‍ഗ്രസ് വിലയിരുത്തിയത്. അത് ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 2019 ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രാഹുല്‍ ഗാന്ധിക്ക് 4,31,770 എന്ന വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. 2024 ല്‍ 3,64,422 ആയി ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇത്തവണയും പ്രിയങ്ക ഗാന്ധി സീറ്റ് നിലനിർത്തി. 2019ല്‍ രാഹുല്‍ ഗാന്ധിക്ക് 706,367 വോട്ടുകളാണ് ലഭിച്ചത്.
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയം നേടിയതിന് ശേഷം പ്രിയങ്കയെ വയനാട് സ്ഥാനാർഥിയാക്കിയപ്പോള്‍ രാഹുലിന്‍റെ ഭൂരിപക്ഷം മറികടക്കാനാവുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു യുഡിഎഫിന്. രാജ‍്യം കണ്ട വലിയ പ്രകൃതി ദുരന്തത്തിന് വയനാട് സാക്ഷ‍്യം വഹിച്ചതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ കുറവ് അനുഭവപ്പെട്ടത് മൂന്ന് മുന്നണികളെയും ആശങ്കയിലാക്കിയെങ്കിലും തങ്ങളുടെ വോട്ടുകള്‍ കൃത‍്യമായി പോള്‍ ചെയ്യിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ടായിരുന്നു.