March 16, 2025

തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറി : നിര്‍ണായക മത്സരത്തില്‍ ജയിച്ചുകയറി ഇന്ത്യ

Share

 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്ബരയിലെ ആവേശകരമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം.ഇന്ത്യ ഉയ‍ർത്തിയ 220 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മാർക്കോ യാൻസൻ്റെയും ഹെന്റിച്ച്‌ ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

 

ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കെല്‍റ്റനും (20) റീസ ഹെൻഡ്രിക്സും (21) ചേർന്ന് നല്‍കിയത്. എന്നാല്‍ പവർ പ്ലേ അവസാനിക്കുന്നതിന് മുമ്ബ് തന്നെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമായതോടെ പ്രോട്ടീസ് അപകടം മണത്തു. മൂന്നാമനായി ക്രീസിലെത്തിയ നായകൻ എയ്ഡൻ മാർക്രം ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 18 പന്തില്‍ 29 റണ്‍സ് നേടിയ മാർക്രത്തെ വരുണ്‍ ചക്രവർത്തി മടക്കിയയച്ചു. ട്രിസ്റ്റൻ സ്റ്റബ്സും (12) നിറം മങ്ങിയതോടെ എല്ലാ പ്രതീക്ഷകളും മില്ലർ-ക്ലാസൻ സഖ്യത്തിലായി. പതുക്കെ തുടങ്ങിയ ക്ലാസൻ വൈകാതെ തന്നെ താളം കണ്ടെത്തിയെങ്കിലും ഫോമിലേയ്ക്ക് ഉയരാനാകാതെ മില്ലർ കിതച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

 

മത്സരത്തിന്റെ 14-ാം ഓവറില്‍ വരുണ്‍ ചക്രവർത്തിയെ ഹാട്രിക് സിക്സറുകള്‍ പായിച്ച്‌ ക്ലാസൻ നിലപാട് വ്യക്തമാക്കി. 23 റണ്‍സാണ് ചക്രവർത്തിയുടെ അവസാന ഓവറില്‍ പിറന്നത്. ഇതിനിടെ മില്ലറെ പുറത്താക്കി ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മുൻതൂക്കം നല്‍കി. 18-ാം ഓവറില്‍ ക്ലാസനെ മടക്കി അയച്ച്‌ അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍, മറുഭാഗത്തുണ്ടായിരുന്ന മാർക്കോ യാൻസൻ മുട്ടുമടക്കാൻ തയ്യാറായിരുന്നില്ല. 16 പന്തില്‍ അർധ സെഞ്ച്വറി തികച്ച യാൻസൻ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളാണ് അവസാന ഓവറുകളില്‍ കാണാനായത്. 4 പന്തില്‍ 18 റണ്‍‍സ് കൂടി വേണമെന്നിരിക്കെ കൂറ്റനടിയ്ക്ക് ശ്രമിച്ച യാൻസനെ (54) അർഷ്ദീപ് സിംഗ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ മൂന്ന് പന്തില്‍ 18 റണ്‍സായി മാറിയ വിജയലക്ഷ്യം മറികടക്കാൻ ആതിഥേയർക്ക് കഴിഞ്ഞില്ല.

 

നേരത്തെ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. ട്വന്റി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് സെഞ്ചൂറിയനില്‍ തിലക് വര്‍മ കുറിച്ചത്. 56 പന്തില്‍ 107 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. ഏഴു സിക്‌സും എട്ടു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്. പ്രോട്ടീസ് ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ച തിലക് 32 പന്തില്‍ അര്‍ധ സെഞ്ച്വറിയും അടുത്ത 19 പന്തില്‍ സെഞ്ച്വറിയിലെത്തുകയും ചെയ്തു.

 

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സഞ്ജു പുറത്തായി. രണ്ടാം മത്സരത്തിലും ജാന്‍സന്റെ ആദ്യ ഓവറില്‍ താരം റണ്ണൊന്നും എടുക്കാതെ ബൗള്‍ഡാകുകയായിരുന്നു.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തിലാണ് സഞ്ജുവിനെ നഷ്ടമായത്. എന്നാല്‍ അഭിഷേക് ശര്‍മ്മയോടൊപ്പം തിലക് വര്‍മ്മ ചേര്‍ന്ന് ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് 107 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നീട് നായകന്‍ സൂര്യകുമാര്‍ യാദവും (1), ഹാര്‍ദ്ദിക് പാണ്ഡ്യയും (18) റിങ്കു സിംഗും (8) വേഗം പുറത്താെയെങ്കിലും തിലക് ഒരുവശത്ത് തകര്‍ത്ത് കളിച്ചു.

 

നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി തുടക്കക്കാരന്‍ രമണ്‍ദീപ് സിംഗ് (15) മികച്ച തുടക്കം കുറിച്ചെങ്കിലും അവസാന ഓവറില്‍ റണ്‍ഔട്ടായി. തിലക് പുറത്താകാതെ 107 റണ്‍സ് നേടി. 20 ഓവറില്‍ ഇന്ത്യ നേടിയത് 219 റണ്‍സാണ്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിലെ സിമെലാനെ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ ജാന്‍സെന്‍ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യ ബാറ്റിംഗിനയച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മാര്‍ക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

 

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.