നിലമ്പൂർ ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം ; ജനം പരിഭ്രാന്തിയിൽ
എടക്കര : ഉപ്പട ആനക്കല്ലില്‍ ഭൂമിക്കടിയില്‍നിന്ന് മുഴക്കം കേട്ടതിനെത്തുടർന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലായി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ ശബ്ദമുണ്ടായത്.
പത്തേമുക്കാലോടെ വീണ്ടും സമാനശബ്ദവും വീടുകള്‍ പ്രകമ്പനം കൊള്ളുന്ന അവസ്ഥയുമുണ്ടായി. രണ്ട് കിലോമീറ്റര്‍ ദൂരത്തിൽ വരെ അനുഭവപ്പെട്ടു. ചില വീടുകള്‍ക്കുള്ളില്‍ നേരിയ വിള്ളലും രൂപപ്പെട്ടു. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൊലീസും വില്ലേജ് ഓഫിസർ അടക്കമുള്ളവരും സ്ഥലത്തെത്തി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തിന്റെ മാപ്പ് ജിയോളജി അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നു.
എന്നാല്‍, ഭൂകമ്പ സാധ്യതയില്ലെന്നും ഭൂമിക്കടിയിലെ പാറകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന പ്രതിഭാസമാണ് കേട്ടതെന്നുമാണ് അധികൃതര്‍ അറിയിച്ചത്. കുഴല്‍ കിണറുകള്‍ കൂടുതലായി നിര്‍മിച്ച പ്രദേശമാണ് ആനക്കല്ല്. ഇതിന്റെ തുടര്‍പ്രതിഭാസമാണ് ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദമെന്നാണ് ജിയോളജി അധികൃതര്‍ പറയുന്നത്. മുമ്പ് മൂന്ന് തവണ ഈ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദമുണ്ടായിരുന്നു.