November 8, 2025

‘വയനാടിന്‍റെ കുടുംബമാവുന്നതില്‍ വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു ; കൂടെയുണ്ടാകും’: പ്രിയങ്ക ഗാന്ധി

 

കൽപ്പറ്റ : വയനാടിന്‍റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്നും ആദ്യമായാണ് വോട്ട് അഭ്യര്‍ത്ഥിച്ച്‌ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാട്ടിലെ യുഡ‍ിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വയനാടിലെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

 

17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നിപ്പോള്‍ 35 വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി.

 

പക്ഷേ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെര‍ഞ്ഞടുപ്പ് പ്രചാരണത്തിന് വേണ്ടി നിങ്ങളുടെ പിന്തുണ തേടി എത്തുന്നത്. അത് വ്യത്യസ്തവമായ അനുഭവമാണ്. വയനാട്ടിലെ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി അവസരം നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയോട് വലിയ നന്ദിയുണ്ട്.

കുറച്ച്‌ നാളുകള്‍ക്ക് മുമ്പ് ഞാൻ വയനാട്ടിലെ മുണ്ടക്കൈയില്‍ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ ഞാൻ കണ്ടു. ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ ഞാൻ കണ്ടു. ഞാൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്.

 

വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വയനാടിന്‍റെ കുടുംബമാവുന്നതില്‍ വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്‍റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നല്‍കി. പോരാടാനുള്ള കരുത്ത് നല്‍കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മല്ലികാര്‍ജുൻ ഖര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കളും കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.