October 22, 2024

ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ പല വിധം ; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Share

 

ഹൃദയാഘാതം, അഥവാ ഹാര്‍ട്ട് അറ്റാക്ക് രോഗികളെ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നത് സമയബന്ധിതമായ ചികിത്സയുടെ അഭാവത്തിലാണ്. രോഗിക്കോ കൂടെയുള്ളവര്‍ക്കോ ഹൃദയാഘാതം തിരിച്ചറിയാൻ സാധിക്കാതെ പോകുന്നതാണ് ഏറ്റവും വലിയ ‘റിസ്ക്’. ഇതാണ് ചികിത്സയെടുക്കുന്നതിനും വൈകിക്കുന്നത്.

 

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന ബ്ലോക്കാണ് ഹൃദയാഘാതം ആയി മാറുന്നത് എന്ന് പറയാം. ഹൃദയാഘാതത്തില്‍ തന്നെ ഓരോ രോഗിയിലും ലക്ഷണങ്ങളും, അതിന്‍റെ തീവ്രതയും, സ്വഭാവവും എല്ലാം മാറി വരാറുണ്ട്. എങ്കിലും ഹൃദയാഘാതത്തിന് പൊതുവില്‍ തന്നെ ചില ലക്ഷണങ്ങളുണ്ട്. ഇത് വലിയൊരു വിഭാഗം രോഗികളിലും കാണാം. സമയത്തിന് ഇത് മനസിലാക്കി ചികിത്സ തേടലാണ് ചെയ്യേണ്ടത്.

 

ഒരു വ്യക്തിക്ക് ഹൃദയാഘാതം വരുന്നതിനു മുന്‍പ് ശരീരത്തില്‍ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍ ഇതൊക്കെയാണ്. നെഞ്ചിന്റെ മധ്യ ഭാഗത്തായി ഒരു ഭാരം പോലെയോ, അമര്‍ത്തല്‍ ഉള്ളതുപോലെയോ അനുഭവപ്പെടുന്ന വേദനയാണ് ആദ്യ ലക്ഷണം. വേദന പിന്നീട് കഴുത്തിലേക്കോ, കക്ഷത്തിലേക്കോ, വയറിന്റെ മുകള്‍ഭാഗത്തോ ആയി അനുഭവപ്പെടും. കൂടാതെ അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി, തലകറക്കം എന്നിവയും ചിലര്‍ക്ക് ബോധക്ഷയവും ഉണ്ടാകാം.

 

നെഞ്ചുവേദന, നെഞ്ചില്‍ സമ്മര്‍ദ്ദം, നെഞ്ചില്‍ നിന്ന് തോളിലേക്കും കൈകളിലേക്കും നടുവിലേക്കും മുകള്‍ വയറിലേക്കും കഴുത്തിലേക്കും അവിടെ നിന്ന് കീഴ്ത്താടിയിലേക്കും വരെ കയറുന്ന വേദനയും ഭാരവും ആണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ഇവ എല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. പല ലക്ഷണങ്ങളായി പല തോതില്‍ കാണാം. അതുപോലെ തന്നെ ലക്ഷണങ്ങളില്‍ മാറ്റവും വരും. ഇത് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കാം. ചികിത്സ വൈകിക്കുന്നതിലേക്കും നയിക്കാം.

 

സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങള്‍ മാറി വരാറുണ്ട്. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച്‌ നെഞ്ചുവേദന കുറവാണ് കാണാറ്. അതുപോലെ സ്ത്രീകള്‍ ഹൃദയാഘാത ലക്ഷണങ്ങളെ ഗ്യാസ് സംബന്ധമായ പ്രയാസങ്ങളായി തെറ്റിദ്ധരിക്കുന്നത് കൂടുതലാണ്.

 

മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ മാറുന്നതിനും അനുസരിച്ച്‌ ഹൃദയാഘാത ലക്ഷണങ്ങള്‍ മാറി വരാം. ഇതും പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം തളര്‍ച്ചയാകാം വരുന്നത്. അതുപോലെ ദഹനപ്രശ്നങ്ങളാകാം. പിന്നീടാകാം നെഞ്ചില്‍ അസ്വസ്ഥതയും മറ്റും തുടങ്ങുക. പക്ഷേ നേരത്തെ നേരിട്ട പ്രയാസങ്ങളെ കൂടി കണക്കിലെടുത്ത് ആശുപത്രിയിലെത്തി പരിശോധന നടത്തുക എന്നതാണ് ഉചിതം.

 

ചിലരില്‍ ഹൃദയാഘാതത്തിന്‍റെ ഭാഗമായിട്ടുള്ള ദഹനപ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്ബേ തുടങ്ങാറുണ്ട്. ബാക്കി പ്രശ്നങ്ങള്‍ പിന്നീട് കാണും. ഇങ്ങനെ ലക്ഷണങ്ങളില്‍ മാറിവരുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ സങ്കീര്‍ണതകളുണ്ടാക്കാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.