മാനസിക വെല്ലുവിളി നേരിടുന്ന വീട്ടമ്മയെ പീഡിപ്പിച്ചു : സ്വർണ്ണവും, പണവും തട്ടിയെടുത്തു ; യുവാവ് അറസ്റ്റിൽ
വൈത്തിരി : വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ മാനസിക പ്രശ്നമുള്ള യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയും, 2 പവൻ സ്വർണ്ണവും 25,000 രൂപയും കവരുകയും ചെയ്ത യുവാവിനെ വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ അനിൽ കുമാറും സംഘവും വിദഗ്ധമായി പിടികൂടി. ബാലുശ്ശേരി കിനാലൂർ കുന്നത്ത് വീട്ടിൽ കെ.വി അഹമ്മദ് നിയാസ് (30) ആണ് അറസ്റ്റിലായത്.
വിധവയായ സ്ത്രീയെ
ബസ്സിൽ വെച്ച് പരിചയപ്പെട്ട ശേഷം
സൗഹൃദം സ്ഥാപിച്ച് 2019 മുതൽ വിവിധ കാലയളവിൽ വൈത്തിരിയിലും, കൽപ്പറ്റയിലുമുള്ള ഹോട്ടലുകളിൽ വെച്ച് പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി. കൂടാതെ യുവതിയുടെ കൈയ്യിൽ നിന്നും 2 പവൻ സ്വർണ്ണാഭരണങ്ങളും 25000/- രൂപയും വാങ്ങിയെടുത്ത് തിരിച്ചു നൽകാതെ ചതിച്ചതായും പരാതിയുണ്ട്.
യുവാവിൻ്റെ പേര് പോലും കൃത്യമായി അറിയാത്ത സാഹചര്യത്തിൽ വൈത്തിരി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മൊബൈൽ സ്വിച്ച് ഓഫാക്കിയും, ഓരോ സ്ഥലങ്ങളിൽ മാറി മാറി സഞ്ചരിച്ചും പോലീസിനെ വലച്ച പ്രതിയെ തിരൂര് വെച്ചാണ് സാഹസികമായി പിടികൂടിയത്. എസ്.ഐ രാംകുമാർ, എ എസ് ഐ മുജീബ് റഹ്മാൻ, എസ് സി പി ഒ മാരായ ഷാലു , പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.