September 20, 2024

ആശങ്ക : മരിച്ച 24കാരൻ്റെ ഫലം പോസിറ്റീവ് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

1 min read
Share

 

മലപ്പുറം : തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.

 

വിദ്യാർഥിയാണ് മരിച്ചത്. ബെംഗളൂരുവില്‍ രണ്ടുമാസംമുൻപ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരിക്കേറ്റതിനെത്തുടർന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച്‌ ചികിത്സതേടുകയായിരുന്നു.

 

‘മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചു’ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കല്‍ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.

 

ഉടൻ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസർ വഴി ലഭ്യമായ സാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേർന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്ബിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

 

ഇതുവരെ 151 പേരാണ് പ്രാഥമിക സമ്ബർക്ക പട്ടികയില്‍ ഉള്ളത്. നാലു സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച്‌ നേരിട്ട് സമ്ബർക്കത്തില്‍ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

 

ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂർവമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്‌ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച്‌ ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.