സ്വർണവില രണ്ടാംദിനവും കുത്തനെ ഉയർന്നു : ഇന്ന് പവന് 320 രൂപ കൂടി

ഓണക്കാലത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് യഥാക്രമം 6865 രൂപയും 54,920 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 5690 രൂപയിലും പവന് 240 രൂപ കൂടി 45,520 രൂപയിലുമെത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 95 രൂപയായും കൂടിയിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ സ്വർണം പവന് 1280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6825 രൂപയിലും പവന് 54,600 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കൂടി 5660 രൂപയും പവന് 760 രൂപ വർധിച്ച് 45,280 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കൂടി 93 രൂപയായി കൂടിയിരുന്നു.
മെയ് 20-ന് സ്വർണവില ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്ന സർവകാല റെകോർഡിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് 53,960 രൂപയായി ഇത് താഴ്ന്നു. കേന്ദ്ര ബജറ്റില്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന് വില ഒറ്റയടിക്ക് 51,960 രൂപയായി ഇടിഞ്ഞു. എന്നാല്‍ ഈ കുറവ് ദീർഘകാലം നിലനിന്നില്ല.
ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വില വർധനയെ തുടർന്ന് ആഭ്യന്തര വിപണിയിലും വില വൻതോതില്‍ കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനെത്തുടർന്ന് കേരളത്തില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ നികുതി ഉള്‍പ്പെടെ 59,000 രൂപ നല്‍കേണ്ടി വരുന്ന അവസ്ഥയാണ്.
മാസത്തിന്റെ തുടക്കത്തില്‍ സ്വർണവില താരതമ്യേന സ്ഥിരമായിരുന്നെങ്കിലും, ഓണം അടുത്തതോടെ വിലയില്‍ വലിയ ഉയർച്ചയാണ് ഉണ്ടായത്. കേന്ദ്ര ബജറ്റില്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വൻതോതില്‍ കുറച്ചില്ലായിരുന്നെങ്കില്‍ സ്വർണവില ഇതിലും കൂടുതല്‍ ഉയരുമായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.