April 13, 2026

അരങ്ങേറ്റത്തില്‍ തീയായ് ഹിംഗെ : വൈഭവടക്കം 3 പേര്‍ ആദ്യ ഓവറില്‍ തീര്‍ന്നു !! ഹൈദരാബാദിന് മുൻപിൽ 57 റണ്‍സിന് മുട്ടിമടക്കി ആദ്യ തോല്‍വി വഴങ്ങി രാജസ്ഥാന്‍ 

Share

 

ഹൈദരാബാദ് : തുടര്‍ച്ചയായി അഞ്ചാം ജയം ലക്ഷ്യമിട്ട് കുതിച്ച രാജസ്ഥാന് ഹൈദരാബാദില്‍ സ്‌റ്റോപ്പ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 57 റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന്റെ മറുപടി 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന പ്രഫുല്‍ ഹിംഗെ, സാക്കിഹ് ഹുസൈന്‍ എന്നീ ഇന്ത്യന്‍ പേസര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു രാജസ്ഥാന്‍.

 

വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് പ്രഫുല്‍ എറിഞ്ഞ ആദ്യ ഓവറില്‍ നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുരേല്‍, പ്രിട്ടോറിയസ് എന്നിവര്‍ പൂജ്യത്തിന് മടങ്ങി. തൊട്ടടുത്ത ഓവറില്‍ യശസ്വി ജയ്‌സ്വാള്‍ ഒരു റണ്‍ നേടി പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 4(6) കൂടി മടങ്ങിയപ്പോള്‍ 3 ഓവറില്‍ ഒമ്ബതിന് അഞ്ച് എന്ന തകര്‍ച്ചയായിരുന്നു രാജസ്ഥാന്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറില്‍ റോയല്‍സ് പുറത്താകുമെന്ന് ഭയപ്പെട്ടെങ്കിലും ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ 45(32) – ഡൊണോവാന്‍ ഫെറെയ്‌റ 69(44) സഖ്യം നടത്തിയ ചെറുത്ത് നില്‍പ്പ് വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റുകയായിരുന്നു.

 

72 പന്തുകളില്‍ നിന്ന് 118 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. ജോഫ്ര ആര്‍ച്ചര്‍ 2(5), തുഷാര്‍ ദേശ്പാണ്ഡെ 25(11), രവി ബിഷ്‌ണോയി 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. നാന്ദ്രെ ബര്‍ഗര്‍ 3*(5) പുറത്താകാതെ നിന്നു. പ്രഫുല്‍ ഹിംഗെയും സാക്കിബ് ഹുസൈനും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ എഹ്‌സാന്‍ മലിംഗ രണ്ട് വിക്കറ്റുകള്‍ നേടി.

 

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ കിഷന് പുറമേ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ന്റിച്ച്‌ ക്ലാസനും ബാറ്റിംഗില്‍ തിളങ്ങി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ ആദ്യ പന്തില്‍ തന്നെ പുറത്തായി. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡിനും 18(18) പതിവ് ശൈലിയില്‍ തിളങ്ങാനായില്ല. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കിഷന്‍ 91(44) ക്ലാസന്‍ 40(26) സഖ്യം 39 പന്തുകളില്‍ നിന്ന് 88 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എട്ട് ബൗണ്ടറികളും ആറ് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്. ഈ കൂട്ടുകെട്ട് പിരിയുമ്ബോള്‍ 13.2 ഓവറില്‍ 143ന് മൂന്ന് എന്ന നിലയിലായിരുന്നു ഹൈദരാബാദ്.

 

പിന്നീട് വന്ന നിതീഷ് കുമാര്‍ റെഡ്ഡി 28(13), അനികേത് വര്‍മ്മ 6(5) റണ്‍സ് നേടി പുറത്തായപ്പോള്‍ സലില്‍ അറോറ 13 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ്മ, തുഷാര്‍ ദേശ്പാണ്ഡെ, ക്യാപ്റ്റന്‍ റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


Share
Copyright © All rights reserved. | Newsphere by AF themes.