April 13, 2026

കണക്കുകൂട്ടലുകള്‍ കഴിഞ്ഞു ; ഒടുവിൽ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Share

 

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിലെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 78.27 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്, 84.83 ശതമാനം. 68.99 ശതമാനം പോളിങ് രേഖപ്പെടുത്തിയ റാന്നിയാണ് ഏറ്റവും പിന്നില്‍. കുന്നത്തുനാടാണ് (84.09) ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ രണ്ടാമത്തെ മണ്ഡലം.

 

1987-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് സംസ്ഥാനത്ത് ഇത്തവണ രേഖപ്പെടുത്തിയത്. 1987-ല്‍ 80.54 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം ഉയര്‍ന്നത് എന്തിന്റെ സൂചനയാണെന്ന് മെയ് നാലിന് മാത്രമേ വ്യക്തമാകൂ.

 

ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയെന്ന് യുഡിഎഫും, എന്‍ഡിഎയും, ഭരണത്തുടര്‍ച്ചയ്ക്കുള്ള പിന്തുണയെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു. എസ്‌ഐആറും ഒരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബൂത്ത് തലത്തിലുള്ള പോളിങ് ശതമാനം പുറത്തുവന്നിട്ടില്ല.

 

 

പോളിങ് ശതമാനത്തെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് പ്രക്രികയയിലെ സുതാര്യത ഉറപ്പാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

 

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിശദമായ കണക്കുകള്‍ പുറത്തുവിടാത്തതിനെ തുടര്‍ന്നാണ് സതീശന്‍ കമ്മീഷന് കത്തയച്ചത്. എന്നാല്‍ കമ്മീഷന്‍ നേരത്തെ പുറത്തുവിട്ട അന്തിമ കണക്കില്‍ ഇപ്പോഴും മാറ്റമില്ല. 78.27 ശതമാനം പോളിങ് നടന്നെന്നായിരുന്നു കമ്മീഷന്‍ നേരത്തെയും വ്യക്തമാക്കിയത്. കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നതില്‍ അസ്വഭാവികതയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഓരോ ബൂത്തിലെയും കണക്കുകള്‍ പാര്‍ട്ടി ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.