April 13, 2026

പത്താം ക്ലാസ് പാസായവർക്ക് സിആര്‍പിഎഫില്‍ ജോലി നേടാം, അരലക്ഷത്തിലധികം ശമ്പളം : 9,195 ഒഴിവുകൾ

Share

 

സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സില്‍ (സിആർപിഎഫ്) 2026ലെ കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍ ആന്റ് ട്രേഡ്‌സ്‌മാൻ ) തസ്‌തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 9,195 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പുരുഷന്മാർക്കും സ്‌ത്രീകള്‍ക്കും ഈ തസ്‌തികകളിലേക്ക് അപേക്ഷിക്കാം.

 

9,105 ഒഴിവുകളില്‍ പുരുഷന്മാർക്കും 107 ഒഴിവുകളില്‍ സ്‌ത്രീകള്‍ക്കുമാകും നിയമനം. പ്രധാനമായും ഡ്രൈവർ, മോട്ടോർ മെക്കാനിക്, കാർപെന്റർ, മോച്ചി, ടെയിലർ, ബിഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സഫായി കർമചാരി എന്നീ ട്രേഡുകളിലേക്കാണ് നിയമനം നടക്കുന്നത്. ഓരോ ട്രേഡിനും വേണ്ട സാങ്കേതിക പരിജ്ഞാനം ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. ഏപ്രില്‍ പത്ത് മുതലാണ് അപേക്ഷകള്‍ ക്ഷണിച്ച്‌ തുടങ്ങിയത്. മേയ് 19 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.

 

ഓരോ തസ്‌തികയ്‌ക്കും പ്രായപരിധിയില്‍ മാറ്റമുണ്ട്. കോണ്‍സ്റ്റബിള്‍ ഡ്രൈവർക്ക് 21നും 27നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇവർ പത്താം ക്ലാസ് പാസായിരിക്കണം. ഒപ്പം ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. മറ്റ് തസ്‌തികകളില്‍ 18നും 23നും ഇടയിലാണ് പ്രായപരിധി. പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്.

 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെയാണ് പ്രതിമാസ ശമ്പളം. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ് ആദ്യഘട്ടം. ഇതില്‍ വിജയിക്കുന്നവർക്ക് ശാരീരിക അളവെടുപ്പ്, ശാരീരികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുണ്ടാകും. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കല്‍ പരിശോധനയും പൂർത്തിയാക്കി നിയമനം നല്‍കും.

 

ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്‌ത്രീകള്‍ക്കും പട്ടികജാതി, പട്ടികവിഭാഗക്കാർക്കും ഫീസ് നല്‍കേണ്ടതില്ല. ഉദ്യോഗാർത്ഥികള്‍ക്ക് സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ crpf.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.


Share
Copyright © All rights reserved. | Newsphere by AF themes.