മുംബൈയ്ക്ക് ഹാട്രിക് തോല്‍വി; തല്ലി കഥ കഴിച്ച് ആര്‍സിബി
മുംബൈ : ആറാം കിരീടം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലില്‍ കഷ്ടകാലം ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല, സീസണിലെ മൂന്നാം തോല്‍വിയിലേക്കു കൂപ്പുകുത്തിയിരിക്കുകയണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും. ഇത്തവണ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മുംബൈയെ 18 റണ്‍സിനു മുക്കിയത്.
ആര്‍സിബിയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. കാരണം 241 റണ്‍സെന്ന പടുകൂറ്റന്‍ ലക്ഷ്യമാണ് അവര്‍ക്കു മുന്നില്‍ വച്ചത്. മുംബൈ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം അവര്‍ക്കു അപ്രാപ്യമായിരുന്നു. ഒടുവില്‍ അഞ്ചു വിക്കറ്റിനു 222 റണ്‍സുമായി മുംബൈ മല്‍സരം അടിയറവയ്ക്കുകയും ചെയ്തു.
റണ്‍ചേസില്‍ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെ (31 ബോളില്‍ 71*) വെടിക്കെട്ടാണ് മുംബൈയുടെ പരാജയഭാരം കുറച്ചത്. ഒമ്പത് സിക്‌സറും ഒരു ഫോറുമടക്കമാണിത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (40), റയാന്‍ റിക്കെല്‍റ്റണ്‍ (37), സൂര്യകുമാര്‍ യാദവ് (33) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. 19 റണ്‍സെടുത്തു നില്‍ക്കെ കാല്‍പേശിക്കേറ്റ വേദനയെ തുടര്‍ന്ന് രോഹിത് ശര്‍മയ്ക്കു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങേണ്ടി വന്നത് മുംബൈയ്ക്കു ക്ഷീണമായി.
ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ശേഷം അക്ഷരാര്‍ഥത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിന്റെ വെടിക്കെട്ടിനാണ് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം സാക്ഷിയായത്. മുംബൈ ഇന്ത്യന്‍സിന്റെ ലോകോത്തര ബൗളിങ് നിരയെ തുടക്കം മുതല്‍ ആര്‍സിബി നിലത്തു നിര്‍ത്തിയില്ല. വെറും നാലു വിക്കറ്റ് നഷ്ടത്തിലാണ് 240 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ അവര്‍ പടുത്തുയര്‍ത്തിയത്.
ഫില്‍ സാള്‍ട്ട് (78), ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ (53) എന്നിവരുടെ സ്‌ഫോടനാത്മക ഫിഫ്റ്റികളും വിരാട് കോലിയുടെ (50) സ്ലോ ഫിഫ്റ്റിയുമാണ് ആര്‍സിബിയെ അതിശക്തമായ നിലയിലെത്തിച്ചത്. വെറും 36 ബോളിലായിരുന്നു ആറു വീതം ഫോറും സിക്‌സറുമടക്കം 78 റണ്‍സോടെ മുംബൈയെ സാള്‍ട്ട് പഞ്ഞിക്കിട്ടത്.
വണ്‍ഡൗണായി ഇറങ്ങിയ ക്യാപ്റ്റന്‍ പാട്ടിധാറും കൊടുങ്കാറ്റായി മാറി. 20 ബോളിലാണ് 53 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയത്. അഞ്ചു കൂറ്റന്‍ സിക്‌സറും നാലു ഫോറും ഇതിലുള്‍പ്പെടും. കോലിയാവട്ടെ 38 ബോളുകള്‍ കളിച്ചാണ് 50 ലെത്തിയത്. അഞ്ചു ഫോറും ഒരു സിക്‌സും ഇതിലുള്‍പ്പെടും. ടിം ഡേവിഡ് ഇത്തവണയും മോശമാക്കിയില്ല. 16 ബോളില്‍ പുറത്താവാതെ 34 റണ്‍സെടുത്ത് ടീമിന്റെ ഫിനിഷിങിന് അദ്ദേഹം മൂര്‍ച്ച നല്‍കി.
ഓപ്പണിങ് വിക്കറ്റില്‍ സാള്‍ട്ട്- കോലി ജോടി വെറും 65 ബോളില്‍ 120 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കളി മുംബൈയില്‍ നിന്നും വഴുതിപ്പോയി. രണ്ടാം വിക്കറ്റില്‍ കോലിക്കൊപ്പം പാട്ടിധാര്‍ 23 ബോളില്‍ 65 റണ്‍സെടുത്തതോടെ മുംബൈ നിസ്സഹായരാവുകയും ചെയ്തു.
ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ ടീമില്‍ മുംബൈ രണ്ടു മാറ്റങ്ങള്‍ വരുത്തി. ദീപക് ചാഹര്‍, അല്ലാ ഗസന്‍ഫര്‍ എന്നിവര്‍ക്കു പകരം മിച്ചെല്‍ സാന്റ്‌നറും മായങ്ക് മര്‍ക്കാണ്ഡെയുമാണ് ടീമിലേക്കു വന്നത്. മറുഭാഗത്ത് ആര്‍സിബിയില്‍ ഒരു മാറ്റമുണ്ടായിരുന്നു. ജോഷ് ഹേസല്‍വുഡിനു പകരം ജേക്കബ് ഡഫിയെ കൊണ്ടുവന്നു.
അതേസമയം, വാംഖഡെയില്‍ മിന്നുന്ന ജയത്തോടെ വളരെ പോസിറ്റീവായാണ് ഹാര്‍ദിക്കും സംഘവും സീസണ്‍ ആരംഭിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ ആറു വിക്കറ്റിനാണ് അവര്‍ തുരത്തിയത്. പക്ഷെ അടുത്ത രണ്ടു മാച്ചിലും മുംബൈയ്ക്കു അടിതെറ്റി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ആറു വിക്കറ്റിനും രാജസ്ഥാന്‍ റോയല്‍സിനോടു 27 റണ്‍സിനുമാണ് കീഴടങ്ങിയത്.
എന്നാല്‍ ആര്‍സിബിയാവട്ടെ കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ ഇത്തവണ തുടങ്ങി. ആദ്യ രണ്ടു മാച്ചിലും വിജയം കൊയ്യാന്‍ ആര്‍സിബിക്കു സാധിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 43 റണ്‍സിനുമാണ് ആര്‍സിബി കെട്ടുകെട്ടിച്ചത്. പക്ഷെ അവരുടെ ഹാട്രിക് വിജയപ്രതീക്ഷ റോയല്‍സ് തകര്‍ത്തു. ആറു വിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബിക്കു നേരിടേണ്ടി വന്നത്.
പ്ലെയിങ് 11
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ഷെര്‍ഫയ്ന്‍ റൂഥര്‍ഫോര്‍ഡ്, മിച്ചെല്‍ സാന്റ്‌നര്‍, ഷര്‍ദുല്‍ താക്കൂര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, മായങ്ക് മര്‍ക്കാണ്ഡെ.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു-വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, സുയാഷ് ശര്‍മ.
