മാമ്പഴം ശുദ്ധമാണോ, വെള്ളത്തിലിട്ടാല്‍ അറിയാം ! വിഷമാമ്പഴങ്ങളെ തിരിച്ചറിയാൻ പൊടിക്കൈകള്‍
വേനല്‍ക്കാലം എത്തുന്നതോടെ വിപണിയില്‍ മാമ്പഴങ്ങളും സുലഭമായിക്കഴിഞ്ഞു. എന്നാല്‍, വിപണിയില്‍ ലഭിക്കുന്ന മാമ്പഴങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. അതിനാല്‍ നാം വാങ്ങുന്ന മാമ്പഴം ശുദ്ധമാണോ എന്ന് തിരിച്ചറിയാൻ ചില ലളിതമായ വഴികളുണ്ട്.
ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഒരു പാത്രം വെള്ളത്തില്‍ മാങ്ങ ഇട്ടു നോക്കുക എന്നതാണ്. സ്വാഭാവികമായി പഴുത്ത മാങ്ങയാണെങ്കില്‍ അത് വെള്ളത്തില്‍ മുങ്ങിപ്പോകും, എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചവ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. മാങ്ങയുടെ നിറം നോക്കിയും ഇത് തിരിച്ചറിയാം. കൃത്രിമമായി പഴുപ്പിച്ച മാങ്ങയുടെ തൊലിപ്പുറത്ത് അവിടവിടെയായി പച്ചനിറം കാണുമെങ്കിലും ഉള്ളില്‍ പഴുത്തതുപോലെ അനുഭവപ്പെടും. എന്നാല്‍ സ്വാഭാവികമായി പഴുത്തവയ്ക്ക് എല്ലാ ഭാഗത്തും ഒരേ നിറമായിരിക്കും.
മാങ്ങ കൈകൊണ്ട് അമർത്തി നോക്കുന്നതും ഗുണകരമാണ്. നല്ല രീതിയില്‍ പഴുത്ത മാങ്ങ എല്ലാ ഭാഗത്തും ഒരുപോലെ മൃദുവായിരിക്കും. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചവയില്‍ ചില ഭാഗങ്ങള്‍ കട്ടിയായും മറ്റു ചിലയിടങ്ങള്‍ മൃദുവായും അനുഭവപ്പെടും. സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന് നല്ല സുഗന്ധമുണ്ടാകുമെങ്കിലും കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് രാസഗന്ധമാണ് ഉണ്ടാവുക. കൂടാതെ ഇത്തരം മാങ്ങ മുറിക്കുമ്പോള്‍ നീര് വളരെ കുറവായിരിക്കുകയും, കഴിക്കുമ്പോള്‍ വായില്‍ ചെറിയ പുകച്ചില്‍ അനുഭവപ്പെടുകയും ചെയ്യാം.
പഴങ്ങള്‍ പഴുപ്പിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന കാല്‍സ്യം കാർബൈഡ് എന്ന രാസവസ്തു ശരീരത്തില്‍ എത്തിയാല്‍ ശ്വസനപ്രശ്നങ്ങള്‍, ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍, നാഡീസംബന്ധമായ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് മാത്രം മാമ്പഴം വാങ്ങാനും കഴിക്കുന്നതിന് മുൻപ് നന്നായി കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം.
