വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജു ; ഡല്‍ഹിയെ 23 റണ്‍സിനു തകര്‍ത്ത് ചെന്നൈയ്ക്ക് ആദ്യജയം
ചെന്നൈ : ഐപിഎല്ലില്‍ ഹാട്രിക്ക് തോല്‍വികള്‍ക്കു ബ്രേക്കിട്ട് അഞ്ചു തവണ ചാംപ്യന്‍മരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. മികച്ച ഫോമിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ സിഎസ്‌കെ 23 റണ്‍സിനു തകര്‍ത്തുവിട്ടത്.
മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണിന്റെ (115*) കന്നി സെഞ്ച്വറിയിലേറി 213 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ഡിസിക്കു സിഎസ്‌കെ നല്‍കിയത്. മുന്‍ മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ബൗളിങിലും ഫീല്‍ഡിങിലും മികവ് പുലര്‍ത്തിയ സിഎസ്‌കെ എതിരാളികളെ വരിഞ്ഞുകെട്ടി.
ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (60) ഫിഫ്റ്റിയുമായി പൊരുതിയെങ്കിലും മറ്റുള്ളവരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെ അവസാന ബോളില്‍ 189 റണ്‍സിനു ഡിസിയുടെ പോരാട്ടവും അവസാനിച്ചു. 38 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് സ്റ്റബ്‌സിന്റെ ഇന്നിങ്‌സ്. ഓപ്പണര്‍ പതും നിസങ്കയാണ് (41) മറ്റൊരു പ്രധാന സ്‌കോറര്‍. വേറെയാരും 20 റണ്‍സ് തികച്ചില്ല.
സീസണിലെ ആദ്യ മല്‍സരം കളിച്ച അക്കീല്‍ ഹൊസെയ്‌നൊഴികെ സിഎസ്‌കെയ്ക്കായി ബൗള്‍ ചെയ്തവരെല്ലാം വിക്കറ്റുകളെടുത്തു. എങ്കിലും അക്കൂട്ടത്തില്‍ വേറിട്ടുനിന്നത് ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജാമി ഒവേര്‍ട്ടനാണ്. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകളുമായി അദ്ദേഹം ഡിസിയുടെ അന്തകനായി മാറി. അന്‍ഷുല്‍ കംബോജ് മൂന്നു വിക്കറ്റുകളും നേടി.
ചെന്നൈ സൂപ്പര്‍ കിങ്‌സ് കുപ്പായത്തില്‍ സഞ്ജു സാംസണിന്റെ (115*) ആദ്യ സെഞ്ച്വറിയാണ് ചെപ്പോക്കില്‍ ആതിഥേയര്‍ക്കു കരുത്തായത്. സഞ്ജുവിലേറി വെറും രണ്ടു വിക്കറ്റിനാണ് സിഎസ്‌കെ 212 റണ്‍സെന്ന വിന്നിങ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
വെറും 56 ബോളിലാണ് സഞ്ജു 115 ലെത്തിയത്. 15 ഫോറുകളും നാലു കൂറ്റന്‍ സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ആയുഷ് മാത്രെയാണ് (59) ചെന്നൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (15) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ശിവം ദുബെ (10 ബോളില്‍ 20*) പുറത്താവാതെ നിന്നു.
ഓപ്പണിങ് വിക്കറ്റില്‍ സഞ്ജു-റുതുരാജ് സഖ്യം 62 റണ്‍സ് നേടിയിരുന്നു. എന്നാല്‍ കളിയില്‍ സിഎസ്‌കെയുടെ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത് സഞ്ജു- മാത്രെ ജോടിയാണ്. രണ്ടാം വിക്കറ്റില്‍ 68 ബോളില്‍ 113 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തതോടെ സിഎസ്‌കെ 20 പ്ലസ് സ്‌കോര്‍ ഉറപ്പിക്കുകയായിരുന്നു.
ചെപ്പോക്കില്‍ ടോസിനു ശേഷം ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടീമുകളും മാറ്റങ്ങളോടെയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മാറ്റ് ഹെന്‍ട്രി, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ എന്നിരെയെല്ലാം സിഎസ്കെ ഒഴിവാക്കി.
ഡെവാള്‍ഡ് ബ്രെവിസ്, ഗുര്‍ജപ്‌നീത് സിങ് എന്നിവര്‍ സീസണിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങുകയും ചെയ്തു. മറുഭാഗത്ത് ഡിസിയില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. നിതീഷ് റാണ, വിപ്രാജ് നിഗം എന്നിവര്‍ക്കു പകരം അശുതോഷ് ശര്‍മ, ആ്ക്വിബ് നബി എന്നിവരും കളിച്ചു.
നേരത്തേ ആദ്യ മാച്ചില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനോടു എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയോടെയാണ് സിഎസ്‌കെ തുടങ്ങിയത്. ബാറ്റിങിലും ബൗളിങിലും അവര്‍ക്കു ഒരുപോലെ പാളിയ മല്‍സരമാണിത്.
രണ്ടാംറൗണ്ടില്‍ പഞ്ചാബ് കിങ്‌സിനെതിരേ സിഎസ്‌കെ ഒരു തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ചു വിക്കറ്റിന് അവര്‍ പഞ്ചാബിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു, നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു മുന്നിലും സിഎസ്‌കെ തകര്‍ന്നടിഞ്ഞു. 43 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ഗംഭീര വിജയം.
അതേസമയം, കഴിഞ്ഞ തവണത്തേതു പോലെ മികച്ച തുടക്കമാണ് ഇത്തവണയും ഡിസിക്കു ലഭിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ അക്ഷറിനും സംഘത്തിനുമായിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്താണ് ഡിസി സീസണാരംഭിച്ചത്. രണ്ടാമങ്കത്തില്‍ മുംബൈ ഇന്ത്യന്‍സിനെയും ഇതേ മാര്‍ജിനില്‍ തന്നെ ഡിസി കെട്ടുകെട്ടിച്ചു.
പക്ഷെ ഹാട്രിക് വിജയം മോഹിച്ചിറങ്ങിയ ഡിസിക്കു മൂന്നാമങ്കത്തില്‍ പിഴച്ചു. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരു റണ്‍സിനു ഡിസിയെ വീഴ്ത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിംഗ്സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ജാമി ഒവേര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിംഗ്, ഖലീല്‍ അഹമ്മദ്.
ഡല്‍ഹി ക്യാപിറ്റല്‍സ്- പതും നിസ്സങ്ക, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ആക്വിബ് നബി, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുകേഷ് കുമാര്‍.
