April 11, 2026

ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ കൃത്യമായ അകലം വേണം : മനുഷ്യാവകാശ കമ്മീഷന്റെ കര്‍ശന ഉത്തരവ്

Share

 

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസ് യാത്രക്കാരുടെ കാല്‍മുട്ടുകള്‍ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങുന്നതും യാത്ര ദുഷ്കരമാകുന്നതും സംബന്ധിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഇടപെടല്‍.

 

അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബസുകളില്‍ കുത്തിനിറയ്ക്കുന്നതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പേരാമ്പ്ര സ്വദേശി ടി.സി. വിജീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. സീറ്റുകള്‍ക്കിടയില്‍ മതിയായ സ്ഥലമില്ലാത്തത് ദീർഘദൂര യാത്രക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആർടിഒമാരും ബസുകളിലെ സീറ്റുകള്‍ തമ്മിലുള്ള അകലം പരിശോധിച്ച്‌ നിയമലംഘനമില്ലെന്ന് ഉറപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നല്‍കണം.

 

സീറ്റുകള്‍ തമ്മില്‍ പുറകിലേക്ക് കുറഞ്ഞത് 68.5 സെന്റീമീറ്റർ അകലം പാലിക്കണമെന്ന് കോഴിക്കോട് ആർടിഒ കമ്മീഷനെ അറിയിച്ചു. സീറ്റുകള്‍ക്കിടയില്‍ സ്ഥലമില്ലാത്ത ബസുകളുടെ നമ്പർ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നല്‍കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.