കത്തിക്കയറി സ്വര്‍ണവില : ഇന്ന് ഒറ്റയടിക്ക് കൂടിയത് 2,920 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2,920 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,800 രൂപയിലേക്ക് ഉയർന്നു. മാർച്ച് മൂന്നിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ ഒരു പവന് 600 രൂപ ഇടിഞ്ഞ സ്ഥാനത്താണിന്ന് വൻ കുതിപ്പ് സംഭവിച്ചിരിക്കുന്നത്.
നേരത്തെ ഏപ്രില്‍ ഒന്നിന് രാവിലെ വില വർധിച്ച് 1,11,080 രൂപയ്ക്ക് വില്‍പ്പന നടന്ന സ്വർണത്തിന് വൈകുന്നേരം വീണ്ടും വില ഉയരുകയും 1,12,160 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിനം തന്നെ രാവിലെ സ്വർണവില രണ്ട് തവണ ഇടിയുകയായിരുന്നു. രാവിലെ 1,11,040 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം ഒന്നുകൂടെ ഇടിഞ്ഞതിന്റെ ഫലമായി 1,09,240 രൂപയിലേക്ക് വീണിരുന്നു. ഏപ്രില്‍ മൂന്നിന് വില 1,10,680 രൂപയിലേക്ക് ഉയർന്ന സ്വർണത്തിന് നാലിനും അഞ്ചിനും വില മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. ആറാം തീയതി രാവിലെ 1,09,360 രൂപയിലേക്ക് വില താഴ്ന്ന സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുതിക്കുകയും 1,10,480 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 365 രൂപ ഉയർന്ന് 14,100 രൂപയിലേക്ക് എത്തി.
