April 7, 2026

‘കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതം, തോട്ടപ്പിള്ളി സ്‌പില്‍വേ തുറക്കാതിരുന്നത് കരിമണല്‍ ലോബിക്കുവേണ്ടി’; മാത്യു ടി തോമസ് ഇടപെട്ടു, മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഡിയോ എന്ന പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ട് മാത്യു കുഴല്‍നാടൻ

Share

 

ഇടുക്കി : സംസ്ഥാനത്തെ തകർത്ത 2018ലെ പ്രളയം മനുഷ്യനിർമ്മിതമായിരുന്നുവെന്ന് ആരോപിച്ച്‌ മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴല്‍നാടൻ. ആരോപണം സാധൂകരിക്കാനായി മുൻ ജലസേചന മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദ സന്ദേശം എന്ന് ആരോപിച്ച്‌ ഒരു ഓഡിയോയുമായാണ് മാത്യു കുഴല്‍നാടൻ രംഗത്തെത്തിയത്. മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടി തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നതിലാണ് മാത്യു കുഴല്‍നാടൻ ആരോപണം ഉന്നയിക്കുന്നത്. തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കരിമണല്‍ കമ്പനിക്ക് വേണ്ടി അന്നത്തെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് ഇടപെടല്‍ നടത്തിയതായും മാത്യു കുഴല്‍നാടൻ ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ നോക്കാതെ കോടികളുടെ താത്‌പര്യത്തിനായി വെള്ളം പിടിച്ചുവച്ച്‌ പിന്നീട് ഡാം തുറന്നതാണ് ചാലക്കുടി തകർന്നത്. കേരളം തകർന്നതല്ല കേരളം തകർത്തുതരിപ്പണമാക്കിയതാണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.

 

ഒന്നാം പിണറായി മന്ത്രി സഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാനായി തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചതായാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. ആരോപണത്തിന് തെളിവായി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴല്‍നാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത് അനുസരിച്ച്‌, തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരി മാതാ കണ്‍സ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും മാത്യു ടി. തോമസിന് ഇതില്‍ പങ്കുണ്ടെന്നും ആണ്. കരിമണല്‍ ഒലിച്ച്‌ പോകാതിരിക്കാൻ വേണ്ടിയാണ് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം ഇടയാക്കി. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കിയില്ലെന്നും കൃഷ്ണൻ കുട്ടിയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

 

“അഴിമതിയില്‍ ഇവൻ പുണ്യവാൻ ചമയേണ്ട. തോട്ടപ്പിള്ളി സ്‌പില്‍വേ എന്താണ് തുറക്കാതിരുന്നത്. ഒരുമാസം മുൻപ് തുറക്കേണ്ടതാണ്. എക്‌സിക്യൂട്ടിവ് എഞ്ചിനീയർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. അത് തുറന്നാല്‍ താഴെയുള്ള മണല്‍കെട്ട് വെള്ളം കൊണ്ടുപോകും. മേരി മാതാ എന്ന കോണ്‍ട്രാക്‌ടർമാരാണ് അതിന്റെ കരാർ എടുത്തിരിക്കുന്നത്. ക്യുബിക് മീറ്ററിന് 62 രൂപയ്ക്കാണ് കരാർ കൊടുത്തിരിക്കുന്നത്. മറിച്ചുവിറ്റാല്‍ 2000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടി രൂപയെങ്കിലും കിട്ടും. അവനുവേണ്ടിയാണ് തുറക്കാതിരുന്നത്. ജോഷി പറഞ്ഞ ചീഫ് എഞ്ചിനീയറും ജോർജ് തോമസിന്റെ പെങ്ങളും മാത്യു ടീമും ചേർന്നാണ് കളിച്ചിരിക്കുന്നത്.

 

മണിയാർ പ്രോജക്‌ട് ഇറിഗേഷൻ വകുപ്പിന്റേതാണ്. ഇലക്‌ട്രിസിറ്റിയുടെ പ്രോജക്ടിലും കറണ്ട് എടുക്കുന്നത് പ്രൈവറ്റ് കമ്പനിയാണ്. മണിയാറില്‍ വെള്ളം നിറയ്ക്കാൻ പാടില്ല. എന്നാല്‍ കരാറുകാർക്കുവേണ്ടി ഷട്ടറിട്ട് വെള്ളം നിറച്ചു. ഇതിനിടെ ഒരു മരം അവിടെ വീണു. വെള്ളം നിറച്ച്‌ എട്ടുകോടി രൂപയാണ് അവർ ഉണ്ടാക്കിയത്. വെള്ളം കൂടുതലായി വന്നപ്പോള്‍ അടിയിലെ സൂയിസ് തുറന്നതാണ് ചെങ്ങന്നൂർ നശിക്കാൻ കാരണം”-തുടങ്ങിയ കാര്യങ്ങളാണ് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദരേഖയിലുള്ളത്.

 

‘മാത്യു കുഴല്‍നാടൻ പുറത്തുവിട്ട ശബ്ദസന്ദേശം എന്റേതല്ല’; നിയമ നടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി

 

കേരളത്തിലെ പ്രളയം മനുഷ്യനിർമിതമാണെന്ന മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. മാത്യു കുഴല്‍നാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയമുണ്ടെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംഭവത്തില്‍ ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

മുൻ മന്ത്രി മാത്യു ടി തോമസിന്റെ പേര് പരാമർശിച്ചുകൊണ്ട് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദസ്‌ന്ദേശമാണ് ഇന്ന് രാവിലെ മാത്യു കുഴല്‍നാടൻ പുറത്തുവിട്ടത്. കരിമണല്‍ ലോബിക്കായി തോട്ടപ്പള്ളി സ്‌പില്‍വെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപ്പെട്ടുവെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചിരുന്നു.

 

‘തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ആരോപണമാണ് ഇത്. തോമസിനെ മോശക്കാരനാക്കാനാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. പ്രളയം മനുഷ്യനിർമിതമെങ്കില്‍ എന്തുകൊണ്ട് കുഴല്‍നാടൻ അത് സഭയില്‍ ഉന്നയിച്ചിരുന്നില്ല. ഇത് ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണ്. മാത്യു കുഴല്‍നാടനൊപ്പം വാർത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രഭാത് എന്റെ സ്റ്റാഫംഗം ആയിരുന്നില്ല. ചില അനാവശ്യ കാര്യങ്ങള്‍ പ്രഭാത് ആവശ്യപ്പെട്ടു. കിട്ടാതായപ്പോള്‍ പാർട്ടിയോട് ഇടഞ്ഞ് പുറത്തുപോയി. ഇത്തരം കാര്യങ്ങളില്‍ എനിക്ക് ഭയമില്ല. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ട്’- കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

 

അതേസമയം, മാത്യു കുഴല്‍നാടന്റെ അടിസ്ഥാനരഹതിമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് തിരുവല്ല മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി മാത്യു ടി തോമസ് പറഞ്ഞു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പില്‍ വേ ഷട്ടറുകള്‍ തുറക്കാൻ വെെകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Share
Copyright © All rights reserved. | Newsphere by AF themes.