രാജ്യത്ത് വ്യാജ ജീവൻരക്ഷാ മരുന്നുകള്‍ വിപണിയില്‍ : ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി : രാജ്യത്ത് വ്യാജ ജീവൻരക്ഷാമരുന്നുകള്‍ വൻതോതില്‍ വിറ്റഴിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തികവർഷം പരിശോധിച്ച 1,16,324 സാംപിളുകളില്‍ 3104 എണ്ണത്തിനും ഗുണനിലവാരമില്ല.245 എണ്ണം പൂർണമായും വ്യാജം. കഫ് സിറപ്പുകളിലാകട്ടെ 3349 എണ്ണത്തിനും ഗുണനിലവാരമില്ലെന്ന് പാർലമെന്റില്‍ ആരോഗ്യമന്ത്രാലയം അവതരിപ്പിച്ച കണക്കില്‍ പറയുന്നു.
ഞായറാഴ്ച ഡല്‍ഹി പോലീസ് ഓള്‍ഡ് ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ ഫാർമസി നടത്തുന്ന നിഖില്‍ അറോറയെ (47) വ്യാജമരുന്ന് മൊത്തക്കച്ചവടക്കേസില്‍ പിടികൂടിയിരുന്നു. ഫാർമസിവഴി വ്യാജമരുന്നുവിറ്റ് ഇയാള്‍ വർഷംതോറും നേടിയിരുന്നത് 3.5 കോടിമുതല്‍ അഞ്ചുകോടിവരെ രൂപയാണ്. ഇയാള്‍ മരുന്ന് കൊണ്ടുവന്നിരുന്ന ഉത്തർപ്രദേശ് മുസാഫർപുരിലെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കണ്ടെത്തിയത് മുഴുവൻ വ്യാജ സാംപിളുകളായിരുന്നു.
തമിഴ്നാട്ടില്‍ നിർമിച്ച വ്യാജ കഫ് സിറപ്പുകള്‍ കഴിച്ച് കുഞ്ഞുങ്ങള്‍ മരിക്കാനിടയായപ്പോള്‍ വിഷയം പാർലമെന്റില്‍ ചർച്ചയായിരുന്നു. മരുന്നുപരിശോധനയിലെ അലംഭാവത്തെ പലതവണയായി സുപ്രീംകോടതിയും വിമർശിച്ചു.
