ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ലക്‌നൗ : ആദ്യ ജയം
ഹൈദരാബാദ് : ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി റിഷഭ് പന്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് സീസണിലെ ആദ്യജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലക്‌നൗ ഒരു പന്ത് ബാക്കി നിര്‍ത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ലക്‌നൗവിനായി മൂന്നാം നമ്പറിലിറങ്ങി 50 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റിഷഭ് പന്താണ് ടീമിന്റെ വിജയശില്‍പി. ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രം 27 പന്തില്‍ 45 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ മിച്ചല്‍ മാര്‍ഷും ആയുഷ് ബദോനിയും നിക്കോളാസ് പുരാനും നിരാശപ്പെടുത്തി. ഹൈദരാബാദിനായി ഹര്‍ഷ് ദുബേ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 156-9, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 19.5 ഓവറില്‍ 160-5.
157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലക്‌നൗവിന് ഓപ്പണര്‍മാരായ ഏയ്ഡന്‍ മാര്‍ക്രവും മിച്ചല്‍ മാര്‍ഷും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 4.4 ഓവറില്‍ 37 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. 12 പന്തില്‍ 14 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ മടക്കിയ ഇഷാന്‍ മലിംഗയാണ് ലക്‌നൗവിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. മൂന്നാം നമ്പറിലിറങ്ങിയ റിഷഭ് പന്ത് മാര്‍ക്രത്തിനൊപ്പം ചേര്‍ന്ന് 9 ഓവറില്‍ സ്‌കോര്‍ 77ല്‍ എത്തിച്ചു. മാര്‍ക്രത്തെ(45) ശിവാംഗ് കുമാര്‍ പുറത്താക്കിയതിന് പിന്നാലെ ബദോനിയും(12), നിക്കോളാസ് പുരാനും(1) പുറത്തായതോടെ ലക്‌നൗ പതറി. അബ്ദുള്‍ സമദ് പ്രതീക്ഷ നല്‍കിയെങ്കിലും 12 പന്തില്‍ 16 റണ്‍സുമായി മടങ്ങി. എന്നാല്‍ ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന റിഷഭ് പന്ത് അവസാന ഓവറില്‍ ടീമിനെ വിജയവര കടത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 156 റണ്‍സെടുത്തത്. എട്ടാം ഓവറില്‍ 26-4ലേക്ക് തകര്‍ന്നടിഞ്ഞശേഷം അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് 62 പന്തില്‍ 116 റണ്‍സിന്റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 40 പന്തില്‍ 62 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഹൈദരാബാദിന്റെ ടോപ് സ്‌കോററായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 33 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി. അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ ട്രാവിസ് ഹെഡ് ഏഴും ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ ഒരു റണ്ണുമെടുത്ത് മടങ്ങി. ലക്‌നൗവിനായി മുഹമ്മദ് ഷമിയും ആവേശ് ഖാനും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
