65 റണ്‍സിൻ്റെ കൂറ്റൻ ജയത്തോടെ അക്കൗണ്ട് തുറന്ന് ഹൈദരാബാദ്, രണ്ടാം മത്സരത്തിലും കൊല്‍ക്കത്തയ്ക്ക് തോൽവി
കെല്‍ക്കത്ത : ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ജയം കൊയ്തിരിക്കുകയാണ് മുന്‍ ചാംപ്യന്മായ സണ്‍റൈസേഴ്സ് ഹൈദരാബാദ്. ബാറ്റിങ് കരുത്തില്‍ മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെയാണ് അവര്‍ 65 റണ്‍സിനു തകര്‍ത്തുവിട്ടത്. കെകെആറിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
227 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് കെകെആറിന് ഹോംഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സില്‍ എസ്ആര്‍എച്ച് നല്‍കിയത്, റണ്‍ചേസില്‍ കെകെആര്‍ വളരെ പോസിറ്റീവായി തന്നെ തിരിച്ചടിച്ചെങ്കിലും വിക്കറ്റുകള്‍ പിഴുത് കൊണ്ടിരുന്ന എസ്ആര്‍എച്ച് ജയം വരുതിയിലാക്കി. വെറും 161 റണ്‍സിന് കെകെആറിന്റെ പോരാട്ടം അവസാനിക്കുകയും ചെയ്തു.
ആംഗ്രീഷ് രഘുവംശി (52) മികച്ചൊരു ഫിഫ്റ്റിയോടെ തിളങ്ങിയെങ്കിലും മറ്റു ടീമംഗങ്ങളില്‍ നിന്നും പ്രതീക്ഷിച്ചതു പോലെ പിന്തുണ കിട്ടിയില്ല. റിങ്കു സിങ് (35), ഫിന് അലെന്‍ (28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ കെകെആര്‍ മൂന്നു വിക്കറ്റിനു 110 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ അടുത്ത 10 ഓവറില്‍ 117 റണ്‍സാണ് വേണ്ടിയിരുന്നത്. വിക്കറ്റുകളുള്ളതിനാല് അതു അസാധ്യമായിരുന്നില്ല. എന്നാല്‍ 51 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റ് കൈവിട്ട കെകെആര്‍ 161നു കൂടാരം കയറുകയായിരുന്നു. എസ്ആര്‍എച്ചിനായി ജയദേവ് ഉനാട്കട്ട് മൂന്നും ഇഷാന് മലിങ്ക, നിതീഷ് റെഡ്ഡി എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകളെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 226 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. തുടരെ രണ്ടാമത്തെ കളിയിലാണ് അവര്‍ 200ന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്തത്. ഹെന്‍ട്രിച്ച് ക്ലാസെന്റെ (52) തകര്‍പ്പന്‍ ഫിഫ്റ്റിയും അഭിഷേക് ശര്‍മ (48), ട്രാവിസ് ഹെഡ് ജോടിയുടെ (46) വെടിക്കെട്ടുമാണ് ഓറഞ്ച് ആര്‍മിക്കു കരുത്തായത്.
39 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും മികച്ച സംഭാവന നല്കി. 35 ബോളില്‍ നാലു ഫോറും ഒരു സിക്സറുമടക്കമാണ് ക്ലാസെന് ടീമിന്റെ അമരക്കാരനായത്. അഭിഷേക് 21 ബോളില്‍ നാലു വീതം ഫോറും സിക്സറും പറത്തിയപ്പോള്‍ ഹെഡ് 21 ബോളില്‍ ആറു ഫോറും മൂന്നു സിക്സറുകളുമടിച്ചു.
ഒരു സമയത്തു 240-250 റണ്‍സ് വരെയെങ്കിലും എസ്ആര്‍എച്ച് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ മല്‍സരം ഫിനിഷ് ചെയ്യാന്‍ അവര്‍ക്കായില്ല. എസ്ആര്‍എച്ചിനു അഭിഷേക്- ഹെഡ് ജോടി ഇടിവെട്ട് തുടക്കം തന്നെ നല്കി.
ഓപ്പണിങ് വിക്കറ്റില്‍ വെറും 34 ബോളില്‍ ഇരുവരും വാരിക്കൂട്ടിയത് 82 റണ്‍സാണ്. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്താായ ശേഷം എസ്ആര്‍എച്ചിന് അടുത്തടുത്ത ഇടവേളകളില്‍ നാലു വിക്കറ്റുകള്‍ നഷ്ടമായി (നാലിന് 118).
കെകെആര്‍ ഇതോടെ കളിയിലേക്കു തിരികെ വരുമെന്നു തോന്നിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്ലാസെന്- നിതീഷ് ജോടി 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി എസ്ആര്‍എച്ചിന്റെ ആധിപത്യം തിരിച്ചുപിടിക്കാന്‍ സഹായിച്ചു.
ടീമിനു 200 പ്ലസ് ടോട്ടല്‍ ഉറപ്പാക്കിയത് ഈ സഖ്യമാണ്. കെകെആറിന്റെ ബൗളിങ് നിരയില്‍ നേട്ടമുണ്ടാക്കിയത് സിംബാബ്വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിങ് മുസറബാനിയാണ്. നാലു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. വൈഭവ് അറോറയ്ക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു.
കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ടോസിനു ശേഷം കെകെആര്‍ നായകന് അജിങ്ക്യ രഹാനെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെ കെകെആര്‍ നിലനിര്‍ത്തി. എന്നാല്‍ എസ്ആര്‍എച്ചില്‍ ഒരു മാറ്റമുണ്ടായിരുന്നു. ഇഷാന് മലിങ്കയ്ക്കു പകരം ശിവാങ് കുമാറിനെ ടീമിലേക്കു വിളിച്ചു.
നേരത്തേ ആദ്യ കളിയില്‍ കെകെആറിനും എസ്ആര്ംഎച്ചിനും അടിതെറ്റിയിരുന്നു. മുംബൈയിലെ വാംഖഡെയില്‍ റണ്‍മഴ കണ്ട പോരാട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ കെകെആര്‍ കീഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം നാലു വിക്കറ്റിനു 220 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തിട്ടും അതു പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. വെറും നാലു വിക്കറ്റിനു മുംബൈ അതു മറികടന്നു.
എസ്ആര്‍എച്ചാവട്ടെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു മുന്നിലാണ് കീഴടങ്ങിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 201 റണ്‍സ് ഓറഞ്ച് ആര്‍മി നേടിയിരുന്നു. പക്ഷെ ഇതു മറികടക്കാന്‍ ആര്‍സിബിക്കു വെറും 16 ഓവറുകള്‍ മാത്രമേ ആവശ്യമായി വന്നുളളൂ. നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവർ ജയിച്ചുകയറുകയും ചെയ്തു.
പ്ലേയിംഗ് 11
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- അജിങ്ക്യ രഹാനെ (ക്യപ്റ്റന്‍), ഫിന് അലന്, കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, ബ്ലെസിംഗ് മുസാരബാനി, കാര്‍ത്തിക് ത്യാഗി.
സണ്‍റൈസേഴ്സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന് കിഷന് (ക്യപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ട്രിച്ച് ക്ലാസന്, സലില്‍ അറോറ, അനികേത് വര്‍മ, ഹര്‍ഷ് ദുബെ, ഡേവിഡ് പെയ്ന്, ജയ്ദേവ് ഉനദ്കട്ട്, ശിവാങ് കുമാര്‍.
