March 30, 2026

സഞ്ജുവടക്കം എല്ലാവരും ദുരന്തം!! തകര്‍ന്നടിഞ്ഞ് സിഎസ്‌കെ ; രാജസ്ഥാന് റോയല്‍ തുടക്കം

Share

 

ഗുവാഹത്തി : മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെയടക്കം കൊണ്ടുവന്ന് അടിമുടി മാറിയിട്ടും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടക്കം അടിമുടി പാളി. ബാറ്റിങ് നിര വന്‍ ദുരന്തമായി മാറിയ ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിനാണ് അവരെ രാജസ്ഥാന്‍ റോയല്‍സ് വാരിക്കളഞ്ഞത്.

 

സിഎസ്‌കെയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. കാരണം വെറും 128 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് റോയല്‍സിനു അവര്‍ നല്‍കിയത്. മറുപടിയില്‍ തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ വിക്കറ്റുകളെടുത്താല്‍ മാത്രമേ സിഎസ്‌കെയ്ക്കു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ.

 

 

 

എന്നാല്‍ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി (17 ബോളില്‍ 52) പതിവുശൈലിയില്‍ തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ചതോടെ കളി ചെന്നൈയില്‍ നിന്നും വഴുതിപ്പോയി. വെറും 12.1 ഓവറില്‍ രണ്ടു വിക്കറ്റിനു റോയല്‍സ് വിജയം പിടിച്ചെടുക്കുകയും ചെയ്തു.

 

17 ബോളില്‍ നാലു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് വൈഭവിന്റെ ഇന്നിങ്‌സ്. ധ്രുവ് ജുറേല്‍ 18 റണ്‍സിനു മടങ്ങിയെങ്കിലും യശസ്വി ജയ്‌സ്വാളും (38) ക്യാപ്റ്റന്‍ റിയാന്‍ പരാഗും (14) ചേര്‍ന്ന് റോയല്‍സിനെ അനായാസം വിജയത്തിലെത്തിച്ചു.

 

മാനംകാത്തത് ഒവേര്‍ട്ടന്‍

 

കടലാസില്‍ അതിശക്തമെന്നു തോന്നിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുന്നതാണ് ഗുവാഹട്ടിയില്‍ കണ്ടത്. എട്ടാം നമ്പറില്‍ ഇറങ്ങിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ജാമി ഒവേര്‍ട്ടന്റെ (43) ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ സിഎസ്‌കെ 100 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു.

 

36 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മറ്റാരും തന്നെ സിഎസ്‌കെ ഇന്നിങ്‌സില്‍ 20 റണ്‍സ് പോലും തികച്ചില്ല. രണ്ടക്ക സ്‌കോറിലെത്തിയ മറ്റു രണ്ടു പേര്‍ അരങ്ങേറ്റ മല്‍സരം കളിച്ച കാര്‍ത്തിക് ശര്‍മ (18), സല്‍ഫറാസ് ഖാന്‍ (17) എന്നിവര്‍ മാത്രമാണ്.

 

 

 

സഞ്ജു സാംസണ്‍ (6), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (6), ആയുഷ് മാത്രെ (0), മാത്യു ഷോര്‍ട്ട് (2), ശിവം ദുബെ (6) തുടങ്ങിയ പ്രധാനപ്പെട്ടവരെല്ലാം ബാറ്റിങില്‍ നനഞ്ഞ പടക്കമായി തീര്‍ന്നു. പവര്‍പ്ലേ കഴിയുമുമ്പ് തന്നെ സിഎസ്‌കെ നാല വിക്കറ്റിനു 38ലേക്കു കൂപ്പുകുത്തിയിരുന്നു. അവിടെ നിന്നൊരു തിരിച്ചുവരവ് സിഎസ്‌കെയ്ക്കു അസാധ്യവുമായിരുന്നു.

 

കൃത്യമായ ഇടവേളകളില്‍ തന്നെ അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. 11 ഓവറായപ്പോഴേക്കും സിഎസ്‌കെ ഏഴിനു 74ലേക്കു തകര്‍ന്നടിഞ്ഞു. അവസാന വിക്കറ്റില്‍ അന്‍ഷുല്‍ കംബോജിനൊപ്പം ഒവേര്‍ട്ടന്‍ നേടിയെടുത്ത 33 റണ്‍സാണ് സിഎസ്‌കെയെ 127 റണ്‍സ് വരെയെത്തിച്ചത്.

 

അവരുടെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതായിരുന്നു. രണ്ടു വീതം വിക്കറ്റുകളെടുത്ത ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ചേര്‍ന്നാണ് സിഎസ്‌കെയുടെ കഥ കഴിച്ചത്.

 

ടോസിനു ശേഷം റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു ബാറ്റര്‍മാരും നാലു ബൗളര്‍മാരുമുള്‍പ്പെടുന്നതാണ് സിഎസ്‌കെയുടെ ടീം കോമ്പിനേഷന്‍. പരിക്കു കാരണം എംഎസ് ധോണിയും ഡെവാള്‍ഡ് ബ്രെവിസും ടീമിന്റെ ഭാഗമല്ല.

 

പ്ലെയിങ് ഇലവന്‍

 

ചെന്നൈ സൂപ്പര്‍ കിംഗ്സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, മാത്യു ഷോര്‍ട്ട്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജാമി ഒവേര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, മാറ്റ് ഹെന്‍ട്രി, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്.

 

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്നോയ്, ബ്രിജേഷ് ശര്‍മ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.