March 29, 2026

വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക് ! പോളിങ് ബൂത്തില്‍ ഇനി മൊബൈല്‍ ഫോണ്‍ ‘ഔട്ട്’; കമ്മീഷന്റെ കര്‍ശന മുന്നറിയിപ്പ്

Share

 

ഇനിമുതല്‍ പോളിങ് ബൂത്തുകളില്‍ വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ്. വോട്ട് ചെയ്യുന്ന ചിത്രങ്ങളോ ബൂത്തിനുള്ളിലെ സെല്‍ഫികളോ പകർത്താമെന്ന മോഹം ഇനി നടക്കില്ല.

 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദ്ദേശപ്രകാരം പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയില്‍ പ്രവേശിക്കണമെങ്കില്‍ തന്നെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യേണ്ടത് നിർബന്ധമാണ്. വോട്ടർമാർ ബൂത്തിലേക്ക് കയറുന്നതിന് മുൻപ് തന്നെ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത് പുറത്തുള്ള വൊളന്റിയർമാരെ ഏല്‍പ്പിക്കുകയും പകരം ടോക്കണ്‍ കൈപ്പറ്റുകയും വേണം.

 

ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേകം പോക്കറ്റുകളുള്ള തുണി സഞ്ചികള്‍ തയ്യാറാക്കാനും പോളിങ് കേന്ദ്രങ്ങളില്‍ ‘മൊബൈല്‍ ഫോണ്‍ ഡിപ്പോസിറ്റ്’ സൗകര്യം ഒരുക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

 

ബിഎല്‍ഒമാരോ വൊളന്റിയർമാരോ ആയിരിക്കും ഈ ചുമതല നിർവഹിക്കുക. ബൂത്തിനുള്ളില്‍ പ്രിസൈഡിങ് ഓഫീസർക്കും മൈക്രോ ഒബ്സർവർക്കും മാത്രമാണ് ഫോണ്‍ കൈവശം വെക്കാൻ അനുമതിയുള്ളത്. എന്നാല്‍ ഇവർ പോലും ഫോണ്‍ നിർബന്ധമായും സൈലന്റ് മോഡില്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശന നിർദ്ദേശമുണ്ട്.

 

പോളിങ് പുരോഗതി അപ്പപ്പോള്‍ പുറത്തറിയിക്കാൻ ബൂത്തിനുള്ളിലിരുന്ന് ഫോണ്‍ ഉപയോഗിച്ചിരുന്ന രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്കും ഈ പുതിയ പരിഷ്കാരം തിരിച്ചടിയാകും. ഫോണ്‍ ഉപയോഗം പൂർണ്ണമായും നിരോധിച്ചതോടെ പഴയകാലത്തെ പോലെ കുറിപ്പുകള്‍ വഴി മാത്രമേ വിവരങ്ങള്‍ ബൂത്തിന് പുറത്തെത്തിക്കാൻ ഇവർക്ക് സാധിക്കൂ.

 

വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു വിപ്ലവകരമായ മാറ്റം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.