March 28, 2026

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം, തിരിച്ചടിച്ച് ഇറാൻ

Share

 

ടെഹ്രാൻ : പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈല്‍ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ ഈ നീക്കം നടത്തിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉള്‍പ്പെടെയുള്ള രണ്ട് ആണവ നിലയങ്ങള്‍ക്കും രണ്ട് വൻകിട സ്റ്റീല്‍ പ്ലാന്റുകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.

 

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഏപ്രില്‍ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിരുന്നു. സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേല്‍ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയില്‍ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

 

വെള്ളിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

 

ഇസ്രായേലിന് നേരെ ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തില്‍ ഇസ്രായേല്‍ നഗരമായ തെല്‍ അവീവിലും കിഴക്കൻ മേഖലകളിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. തെല്‍ അവീവിലെ തിരക്കേറിയ വാണിജ്യ തെരുവിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളില്‍ ഒരെണ്ണം ക്ലസ്റ്റർ വാർഹെഡ് വിഭാഗത്തില്‍പ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ വെച്ച്‌ പൊട്ടിത്തെറിക്കുന്ന ചെറിയ ബോംബുകള്‍ വലിയൊരു പ്രദേശത്തേക്ക് ഒരേസമയം വർഷിക്കുന്ന രീതിയാണിത്. ജനവാസ മേഖലയായ തെല്‍ അവീവില്‍ ഇത്തരത്തില്‍ ബോംബുകള്‍ പതിച്ചത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. നേരത്തെയും ക്ലസ്റ്റര്‍ മിസൈലുകള്‍ ഇറാന്‍ പ്രയോഗിച്ചിരുന്നു.

 

വടക്കൻ അതിർത്തിയില്‍ നിന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി. ഇതോടെ ഇസ്രായേല്‍ ഒരേസമയം രണ്ട് മുന്നണികളില്‍ യുദ്ധം ചെയ്യേണ്ട സാഹചര്യത്തിലാണ്. വടക്കൻ ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതിനായി തെക്കൻ ലെബനനില്‍ ഇസ്രായേല്‍ സൈനിക നടപടി ശക്തമാക്കിയിരിക്കുകയാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.