March 28, 2026

മാലിന്യങ്ങള്‍ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം ; വീടുകള്‍ക്കും ബാധകം ; ഹോട്ടലുകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍

Share

 

തിരുവനന്തപുരം : വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രില്‍ ഒന്ന് മുതല്‍ മാലിന്യങ്ങള്‍ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വെയ്സ്റ്റ്, ബയോ മെഡിക്കല്‍, രാസവസ്തുക്കള്‍ പോലുള്ള മാലിന്യങ്ങള്‍ എന്നിങ്ങനെയാണു തരംതിരിക്കേണ്ടത്.

 

കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19 ലെ സുപ്രീം കോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണിത്. ഇവ നടപ്പാക്കാൻ ശുചിത്വമിഷൻ നിർദേശിച്ചു.

 

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു

ഹോട്ടലുകള്‍, വൻകിട സമുച്ചയങ്ങള്‍, മാർക്കറ്റുകള്‍, ബിസിനസ്- വ്യവസായ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വൻതോതില്‍ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങളെ (ബള്‍ക് വേസ്‌റ്റ് ജനറേറ്റേഴ്സ്) നിശ്ചയിക്കാൻ 3 മാനദണ്ഡങ്ങളും പരിഷ്കരിച്ച ചട്ടത്തിലുണ്ട്. 20,000 ചതുരശ്ര മീറ്ററോ കൂടുതലോ തറ വിസ്തീർണമുള്ള കെട്ടിടങ്ങള്‍, പ്രതിദിനം 40,000 ലിറ്ററോ കൂടുതലോ വെള്ളം ഉപയോഗിക്കുന്നവർ, പ്രതിദിനം 100 കിലോഗ്രാമില്‍ അധികം ഖരമാലിന്യം തള്ളുന്നവർ എന്നിവയില്‍ ഏതെങ്കിലുമൊന്നു ബാധകമാകുന്നവരാണ് ഈ വിഭാഗത്തില്‍. അവർ കേന്ദ്ര മലിനീകരണ നിയ‌ന്ത്രണ ബോർഡ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യണം. മാലിന്യങ്ങള്‍ അംഗീകൃത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ സംസ്കരിക്കണം. പുതുതായി തുടങ്ങുന്ന വൻകിട സ്ഥാപനങ്ങള്‍ നിർബന്ധമായും ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കണം.

 

ഭക്ഷണാവശിഷ്ടങ്ങള്‍, ഡിസ്പോസബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കാനുകള്‍, കവറുകള്‍, ചിരട്ടകള്‍, പച്ചക്കറി പഴ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ശേഖരിക്കാനായി ഉചിതമായ കണ്ടെയ്നറുകള്‍ തെരുവു കച്ചവടക്കാർ കരുതണം. നൂറിലധികം പേരുള്ള പരിപാടികള്‍ നടത്തുമ്പോള്‍ 3 പ്രവൃത്തി ദിനം മുൻപ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം. പുനരുപയോഗിക്കാനോ ഊർജാവശ്യങ്ങള്‍ക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാൻ അനുവാദമുള്ളൂ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.