March 29, 2026

ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രം ; പെട്രോള്‍- ഡീസല്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ചു , പക്ഷേ വില കുറയില്ല

Share

 

രാജ്യത്തെ ഇന്ധനവില വർദ്ധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാൻ ലക്ഷ്യമിട്ട് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 10 രൂപയാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ കേന്ദ്ര നികുതി ലിറ്ററിന് 3 രൂപയായി കുറഞ്ഞു. ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി.

 

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക ഇടപെടല്‍. എന്നാല്‍, ഈ നികുതി ഇളവ് സാധാരണ ഉപഭോക്താക്കള്‍ക്ക് പമ്പുകളില്‍ നേരിട്ടുള്ള വിലക്കുറവായി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പെട്രോളിയം രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

 

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളർ കടന്നതോടെ എണ്ണക്കമ്പനികള്‍ നേരിടുന്ന കനത്ത നഷ്ടം നികത്താനാണ് ഈ നികുതി ഇളവ് പ്രധാനമായും വിനിയോഗിക്കപ്പെടുക. നിലവില്‍ ഒരു ലിറ്റർ പെട്രോള്‍ വില്‍ക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് ഏകദേശം 48.8 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സർക്കാർ നല്‍കുന്ന നികുതി ഇളവ് കമ്പനികളുടെ ഈ നഷ്ടം പരിഹരിക്കാൻ ഉപയോഗിക്കുന്നതിനാല്‍ പമ്പുകളില്‍ വില കുറയാൻ സാധ്യത കുറവാണ്. ഇറാൻ-ഇസ്രായേല്‍ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവുമാണ് ആഗോളതലത്തില്‍ എണ്ണവില 70 ഡോളറില്‍ നിന്ന് 122 ഡോളറിലേക്ക് കുതിക്കാൻ കാരണമായതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

 

ലോകത്തെ പല രാജ്യങ്ങളിലും ഇന്ധനവിലയില്‍ 30 മുതല്‍ 50 ശതമാനം വരെ വർദ്ധനവ് ഉണ്ടായപ്പോള്‍, ഇന്ത്യൻ ജനതയെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ സ്വന്തം വരുമാനം വേണ്ടെന്നുവെച്ച്‌ നികുതി കുറച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 40 മുതല്‍ 50 ശതമാനം വരെയും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നിലവിലെ യുദ്ധസാഹചര്യത്തില്‍ വിതരണ ശൃംഖലയില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. ഇന്ത്യയുടെ പക്കല്‍ നിലവില്‍ 74 ദിവസത്തേക്കുള്ള ഇന്ധന ശേഖരം ഉണ്ടെന്നും, പാചകവാതക ഉല്‍പ്പാദനം 25 ശതമാനം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


Share
Copyright © All rights reserved. | Newsphere by AF themes.