March 24, 2026

കേരളം ചുട്ടുപൊള്ളുന്നു ; 12 ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

Share

 

സംസ്ഥാനത്ത് ചൂട് അതികഠിനമാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ നിലവില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഈ മാസം 26 വരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, മറ്റ് പത്ത് ജില്ലകളില്‍ 36 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചേക്കാം.

 

താപനിലയ്‌ക്കൊപ്പം അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് അപകടകരമായ രീതിയില്‍ വർധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ യുവി ഇൻഡക്സ് എട്ട് രേഖപ്പെടുത്തിയതിനെത്തുടർന്ന് ഈ മേഖലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

 

നിർജ്ജലീകരണം തടയാനായി ധാരാളം വെള്ളം കുടിക്കാനും കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാനും അധികൃതർ ആവശ്യപ്പെട്ടു. മലയോര മേഖലകളില്‍ ചൂട് കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികളും തോട്ടം തൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.


Share
Copyright © All rights reserved. | Newsphere by AF themes.