സ്ഥലം വാങ്ങുന്നവരും വാഹനം എടുക്കുന്നവരും അറിഞ്ഞിരിക്കാൻ : ഏപ്രില്‍ ഒന്ന് മുതല്‍ പാൻ നിയമങ്ങളില്‍ വൻ മാറ്റം
രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ പാൻ കാർഡ് (PAN Card) അപേക്ഷകള്‍ക്കും തിരുത്തലുകള്‍ക്കും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. നിലവില്‍ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമെങ്കിലും, പുതിയ നിയമപ്രകാരം മറ്റ് അനുബന്ധ രേഖകള്‍ കൂടി നിർബന്ധമാക്കും. കേന്ദ്ര ഇലക്‌ട്രോണിക്സ് ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സർവീസ് സെന്ററുകളാണ് (CSC) ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
പ്രധാന മാറ്റങ്ങള്‍
അധിക രേഖകള്‍ നിർബന്ധം: 2026 ഏപ്രില്‍ 1 മുതല്‍ ആധാർ കൂടാതെ ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐ ഡി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയില്‍ ഒന്ന് കൂടി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടി വരും.
പേരിലെ മാറ്റം: പാൻ കാർഡിലെ പേര് ആധാറിലെ പേരുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അത് നീക്കം ചെയ്യും. ആധാറിലുള്ള പേര് മാത്രമായിരിക്കും ഇനി മുതല്‍ പാൻ കാർഡിലും ഉണ്ടാവുക.
പുതിയ അപേക്ഷാ ഫോമുകള്‍: നിലവിലുള്ള അപേക്ഷാ ഫോമുകള്‍ക്ക് പകരം പുതിയ ഫോമുകള്‍ ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. പഴയ ഫോമുകള്‍ അതിനുശേഷം സ്വീകരിക്കില്ല.
സാമ്പത്തിക ഇടപാടുകളിലെ മാറ്റങ്ങള്‍
പുതിയ ആദായനികുതി കരട് നിയമങ്ങള്‍ പ്രകാരം പാൻ കാർഡ് വിവരങ്ങള്‍ നല്‍കേണ്ട ഇടപാടുകളുടെ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
സ്ഥാവര വസ്തുക്കള്‍ വാങ്ങുമ്പോഴോ വില്‍ക്കുമ്പോഴോ പാൻ നല്‍കേണ്ട പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി.
5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പാൻ നിർബന്ധമാണ്.
ഹോട്ടലുകളില്‍ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും പാൻ കാർഡ് നല്‍കണം.
