വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി : ‘അടുത്ത മഴയ്ക്ക് മുന്‍പ് എല്ലാവര്ക്കും വീട്’
കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതർക്കുള്ള ടൗണ്‍ഷിപ്പിൻ്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവനയാത്രയുടെ 579-ാം ദിവസമാണ് ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറിയത്. അടുത്ത മഴക്കാലത്തിന് മുന്നേ, മുഴുവൻ ദുരന്തബാധിതർക്കും വീട് കിട്ടുമെന്നും അതിനുള്ള പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നും, വീടുകളിലേക്കുള്ള അത്യാവശ്യ ഫർണിച്ചറുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങള്‍ക്ക്, ഒരുമിച്ച് കഴിയാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ അതിൻ്റെ കൂടെ നില്‍ക്കാനാണ് നാം ശ്രമിച്ചത്. അതിൻ്റെ ഭാഗമായാണ് ടൗണ്‍ഷിപ്പ് ആശയത്തിന് രൂപം കൊടുത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പൂർത്തിയാക്കുന്ന കാര്യത്തില്‍ സർക്കാരിന് ഒരു സംശയം ഉണ്ടായില്ല. അതിനായി എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടായി. 13 പട്ടികവർഗ കുടുംബങ്ങള്‍ക്ക് മേപ്പാടിയില്‍ 5 ഏക്കർ ഭൂമി നല്‍കിയിട്ടുണ്ട്. അതിൻ്റെ പട്ടയവും മുഖ്യമന്ത്രി കൈമാറി.
ദുരിതാശ്വാസ നിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന് ചിലർ പറഞ്ഞു. അവർ തുടക്കം മുതല്‍ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് എതിരായി പ്രവർത്തിച്ചു. ചിലര്‍ വൈരനിര്യാതന ബുദ്ധിയോടെ ഇടപെട്ടു. യുദ്ധനീതി പോലും അവര്‍ അക്കാര്യത്തില്‍ കാണിച്ചില്ല. ചില മാധ്യമങ്ങളും തെറ്റായ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സമാനതകളില്ലാത്ത സംഭാവനകളാണ് ലഭിച്ചത്. വ്യക്തികളും സംഘടനകളും സഹായിച്ചു. കർണാടക, തമിഴ്നാട്, ആന്ധ്ര സർക്കാരുകള്‍ സഹായം നല്‍കിയെന്നും പിണറായി വിജയൻ പറഞ്ഞു.
ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളാൻ കേന്ദ്രം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചത്. ഇതിനായി 18 കോടിയലധികം രൂപയാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരാർ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയെ വരെ വിമർശിക്കുന്ന സ്ഥിതി ഉണ്ടായി. ടൗണ്‍ഷിപ്പിനായി പ്രവർത്തിച്ച തൊഴിലാളികളേയും, കളക്ടർ മേഘശ്രീയേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇസ്രയേല്‍ ആക്രമണത്തെയും മുഖ്യമന്ത്രി വിമർശിച്ചു.നാട്ടിലെ ചില തെമ്മാടികള്‍ കാണിക്കുന്നത് പോലെയാണ് ചില രാജ്യങ്ങള്‍ ചെയ്യുന്നത്. തെമ്മാടി രാഷ്ട്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിക്ക ആണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നു. മറ്റൊരു അമേരിക്കയുടേത് ഭ്രാന്തൻ നടപടിയാണ്. എന്തിനാണ് ഇറാനെതിരെ ആക്രമണം നടത്തുന്നത് എന്നും മുഖ്യമന്ത്രി ചോദ്യമുന്നയിച്ചു. ഇതിനെ അപലപിക്കാൻ രാജ്യം തയ്യാറാകണം. രാജ്യം ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
