കത്തിക്കയറി സ്വര്‍ണ്ണ വില ; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം
ഇറാൻ-ഇസ്രായേല്‍ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്വർണ വില കുതിക്കുകയാണ്. ഇന്ന് വിപണി സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ മാറ്റത്തിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സ്വർണ്ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ വിപണി ഞായറാഴ്ച അവധിയായതിനാല്‍ വില മാറുന്ന പതിവില്ല. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തില്‍ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളില്‍ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. ഇന്ന് ഇതുവരെ 1,26,920 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 15,865 രൂപയും. നിലവില്‍ ഒരു പവൻ ആഭരണം വാങ്ങണമെങ്കില്‍ നികുതി ഉള്‍പ്പെടെ 1.40 ലക്ഷമെങ്കിലും നല്‍കണം.സംഘർഷം കടുക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും സ്വർണ വില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധഭീതിയ്ക്കിടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തെ കൂടുതലായി ആശ്രയിക്കുവാൻ സാധ്യതയുണ്ട്.
കേരളത്തില്‍ 18 കാരറ്റ് സ്വർണ്ണത്തിന് ഇപ്പോഴത്തെ വിപണി വില ഗ്രാമിന് 13,030, പവന് 1,04,240 രൂപ. 14 കാരറ്റിന് ഗ്രാമിന്10,145, പവന് 81,160 ഉം 9 കാരറ്റിന് ഗ്രാമിന് 6,540, പവന് 52,320 രൂപയുമാണ് നിലവിലെ വില. അതേസമയം വെള്ളിയ്ക്ക് ഗ്രാമിന് 310 രൂപയാണ് ഈടാക്കുന്നത്.
സ്വർണത്തിന്റെ കാര്യത്തിലെന്നപോലെ വെള്ളിയുടെയും വില വരും ദിവസങ്ങളില്‍ ഗണ്യമായി ഉയരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഭൗമരാഷ്ട്രീയ ഭീഷണികള്‍ക്കൊപ്പം യുഎസ് പണപ്പെരുപ്പവും ചൈനയില്‍ നിന്നുള്ള സ്വർണ ഇറക്കുമതി വർധിക്കുന്നതും വില ഉയർത്തും. സ്വർണ്ണം 5,300 ഡോളറിനും വെള്ളി 93 ഡോളറിനും അടുത്തെത്തിയ സാഹചര്യത്തില്‍, ഇവ യഥാക്രമം 6,000 ഡോളറിലും 200 ഡോളറിലും എത്തുമോ എന്നാണ് വിപണി വിദഗ്ധർ നിരീക്ഷിക്കുന്നത്. എംസിഎക്സ് ഫ്യൂച്ചറുകളില്‍ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1.70 ലക്ഷം രൂപയും കിലോഗ്രാം വെള്ളിക്ക് മൂന്നു ലക്ഷം രൂപയും വരെ ഉയർന്നേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 2-ന് വൈകുന്നേരം രേഖപ്പെടുത്തിയ 1,09,920 രൂപയായിരുന്നു കഴിഞ്ഞ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 28-ന് രേഖപ്പെടുത്തിയ 1,23,720 രൂപ ഏറ്റവും ഉയർന്ന നിരക്കും. മിക്ക ദിവസങ്ങളിലും വില 1,11,000-നും 1,18,000-നും ഇടയിലായിരുന്നു.
നിലവില്‍ 1.31 ലക്ഷമാണ് കേരളത്തിലെ സ്വർണ വില റെക്കോഡ്. ഈ കണക്ക് ഭേദിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 6000 ഡോളറിലേക്ക് ഔണ്‍സ് വില ഉയർന്നാല്‍ സ്വാഭാവികമായും സ്വർണവില 1.35 ലക്ഷത്തിന് മുകളിലാകും. അതായത് ഒരു പവൻ വാങ്ങണമെങ്കില്‍ വില 1.50 ലക്ഷം വരെയെങ്കിലും നല്‍കേണ്ടി വരും.
