പാകിസ്ഥാൻ – ന്യൂസിലൻഡ് പോരാട്ടം മഴ കൊണ്ടുപോയി : ഇരു ടീമുകളും പോയിന്റ് പങ്കിട്ടു ; മഴ വില്ലനായതോടെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് മുകളില്‍ കരിനിഴല്‍ ; ഇനി ഇംഗ്ലണ്ടിനെതിരെ അഗ്നിപരീക്ഷ
കൊളംബോ : ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തില്‍ മഴ വില്ലനായി. കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന പാകിസ്ഥാൻ – ന്യൂസിലൻഡ് പോരാട്ടം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചു. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് മഴയെത്തിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
സൂപ്പർ എട്ടിലെ ന്യൂസിലൻഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതോടെ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ കടുപ്പമേറിയതാകുന്നു. സൂപ്പർ എയിറ്റ് ഘട്ടത്തില്‍ റിസർവ് ഡേ ഇല്ലാത്തതിനാല്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു. ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവർക്കെതിരായ വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇനി പാകിസ്ഥാന് മേല്‍ കടുത്ത സമ്മർദ്ദമുണ്ടാകും.
റെക്കോർഡുകള്‍ പാകിസ്ഥാന് അനുകൂലം, പക്ഷേ…
ടി20 ലോകകപ്പുകളില്‍ ന്യൂസിലൻഡിനെതിരെ മികച്ച ചരിത്രമാണ് പാകിസ്ഥാനുള്ളത്. 2016-ന് ശേഷം ലോകകപ്പില്‍ കിവികളോട് പാകിസ്ഥാൻ തോറ്റിട്ടില്ല. ആ ഒരു ആത്മവിശ്വാസം ഈ മത്സരത്തില്‍ പാകിസ്ഥാന് മുൻതൂക്കം നല്‍കേണ്ടതായിരുന്നു. എന്നാല്‍ മഴ കളി കൊണ്ടുപോയതോടെ ആ അവസരം നഷ്ടമായി.
ഇംഗ്ലണ്ട് എന്ന ബാലികേറാമല
ഇനി പാകിസ്ഥാൻ നേരിടേണ്ടത് കരുത്തരായ ഇംഗ്ലണ്ടിനെയാണ്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല (0-3). എങ്കിലും, കൊളംബോയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ പാക് ബൗളർമാർക്ക് ഇംഗ്ലണ്ടിനെ പൂട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടൂർണമെന്റില്‍ ഇതുവരെ ഇംഗ്ലണ്ട് പൂർണ്ണ ഫോമിലെത്തിയിട്ടില്ല എന്നതും പാകിസ്ഥാന് ആശ്വാസമാണ്.
ശ്രീലങ്കൻ വെല്ലുവിളിയും മഴ ഭീഷണിയും
ആതിഥേയരായ ശ്രീലങ്കയ്ക്കെതിരായ മത്സരമാണ് മറ്റൊരു കടമ്പ. ഈയിടെ സിംബാബ്‌വെയോട് തോറ്റെങ്കിലും സ്വന്തം നാട്ടിലെ സാഹചര്യങ്ങളില്‍ ശ്രീലങ്ക അപകടകാരികളാണ്. ഇതിനെല്ലാം പുറമെ, ശ്രീലങ്കയിലെ കാലാവസ്ഥയും പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നു. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം കൂടി മഴ കൊണ്ടുപോയാലോ തോല്‍വി വഴങ്ങിയാലോ പാകിസ്ഥാന്റെ സെമി മോഹങ്ങള്‍ അസ്തമിക്കും. ഫെബ്രുവരി 24-ന് ഇംഗ്ലണ്ടിനെയും ഫെബ്രുവരി 28-ന് ശ്രീലങ്കയെയുമാണ് പാകിസ്ഥാൻ ഇനി നേരിടുക.
കളി നടന്നില്ലെങ്കിലും പാകിസ്ഥാന്റെ ടീം സെലക്ഷൻ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മോശം ഫോമിലുള്ള സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയെ ഈ മത്സരത്തിലും പാകിസ്ഥാൻ ഒഴിവാക്കി. ഈ ലോകകപ്പില്‍ റണ്‍സ് വഴങ്ങുന്നതില്‍ വലിയ നിയന്ത്രണമില്ലാതിരുന്ന ഷഹീന് പകരം സല്‍മാൻ മിർസയാണ് ടീമിലിടം പിടിച്ചത്. ബാറ്റിംഗ് നിരയില്‍ ഫഖർ സമനെ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു സർപ്രൈസ്. സമൻ എത്തുന്നതോടെ ബാബർ അസമോ സല്‍മാൻ ആഘയോ ബാറ്റിംഗ് ഓർഡറില്‍ താഴേക്ക് ഇറങ്ങേണ്ടി വന്നേക്കാം.
മറുഭാഗത്ത്, ക്യാപ്റ്റൻ മിച്ചല്‍ സാന്റ്നറുടെ തിരിച്ചുവരവ് ന്യൂസിലൻഡിന് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. മൂന്ന് മാറ്റങ്ങളാണ് കിവീസ് നിരയിലുണ്ടായിരുന്നത്. ഇഷ് സോധി, ലോക്കി ഫെർഗൂസണ്‍, ക്യാപ്റ്റൻ മിച്ചല്‍ സാന്റ്‌നർ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കോള്‍ മക്‌കോഞ്ചി, കെയ്‌ല്‍ ജാമിസണ്‍, ജേക്കബ് ഡഫി എന്നിവർ പുറത്തായി. കൊളംബോയിലെ വേഗത കുറഞ്ഞ പിച്ചിന് അനുയോജ്യമായ രീതിയില്‍ ഇഷ് സോധിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
