February 8, 2026

ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ അറസ്റ്റിൽ 

Share

 

പടിഞ്ഞാറത്തറ : കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ റെയിഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ട്പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്‌ലി ജുനി സ്വദേശി കൃഷ്ണനിവാസിൽ നവീൻ യെരിസ്വാമി (27), താമരശ്ശേരി കിഴക്കോത്ത് സ്വദേശി ചോനമണ്ണിൽ വീട്ടിൽ മുഹമ്മദ് സുരൈഫ് (24) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

 

ഇൻസ്റ്റാഗ്രാം കൂട്ടായ്മകളിലൂടെ പരിചയപ്പെട്ടവർ ഒരുമിച്ച് ചേർന്നുള്ള പാർട്ടിക്കായി എത്തിയവരായിരുന്നു ഇവർ. ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ കുറിച്ചും റിസോർട്ടുകളെ കുറിച്ചും മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

 

വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.T യും സംഘവും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും, കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്.

 

 

റിസോർട്ടുകളിലും ഹോംസ്റ്റേകളിലും മറ്റും നടക്കുന്ന ഇത്തരം പാർട്ടികളിലും മറ്റും തുടർന്നും റെയിഡുകളും പരിശോധനകളും നടത്തുമെന്നും, ലഹരി പാർട്ടികൾ നടത്തുന്നവർക്കെതിരേയും പാർട്ടികളിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവർക്കെതിരേയും ഉപയോഗിക്കുന്നവർക്കെതിരേയും , ഇതിനൊക്കെ സൗകര്യം ചെയ്തു കൊടുക്കുന്ന സ്ഥാപന ഉടമകൾക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും എക്സൈസ് അറിയിച്ചു.

 

 

റിസോർട്ടുകളും മറ്റും വാടകക്കെടുത്തും ഇത്തരം പാർട്ടികൾ നടത്തുന്നതായി അന്വേഷണത്തിൽ ബോധ്യമായിട്ടുള്ളതായും എക്സൈസ് അറിയിച്ചു. റിസോർട്ടുകളും മറ്റു സ്ഥാപനങ്ങളും വാടകയ്ക്ക് കൊടുക്കുമ്പോൾ അവിടെ ലഹരി പാർട്ടികളും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും മറ്റും നടത്താതിരിക്കാൻ സ്ഥാപന ഉടമകൾ ജാഗ്രത പുലർത്തണമെന്നും എക്സൈസ് അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.