മുള്ളൻപന്നിയെ വേട്ടയാടിയ രണ്ടുപേർ പിടിയിൽ ; തോക്കും വെടിമരുന്നും പിടിച്ചെടുത്തു
ബത്തേരി : ബീനാച്ചി എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ ഇരുളം ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സുന്ദരേശൻ, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്ന് മുള്ളൻപന്നിയുടെ ജഡം, നാടൻ തോക്ക്, കത്തി, വെടിമരുന്ന് എന്നിവയും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
സംഘത്തിലുണ്ടായിരുന്ന വിനീഷ്, ബിജു എന്നിവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
