ഇനി ടി 20 ലോകകപ്പ് ആവേശം ; ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടും
ടി 20 ലോകകപ്പിന് ഇന്ന് തുടക്കം. ടൂർണമെന്റിന്റെ പത്താം എഡിഷനാണിത്. ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയരാകുന്നത്. ആകെ 20 ടീമുകളാണ് പങ്കെടുക്കുന്നത്.
ടൂർണമെന്റില്‍ ഗ്രൂപ് ഘട്ടത്തില്‍ ദിവസവും മൂന്ന് മത്സരങ്ങളുണ്ടാകും. ഇന്ന് കൊളംബോയില്‍ ഇന്ത്യൻ സമയം രാവിലെ 11ന് പാകിസ്താൻ നെതർലൻഡ്സിനെ നേരിടും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് വെസ്റ്റ് ഇൻഡീസ് സ്‌കോട്ലാൻഡിനെ നേരിടും. ശേഷം രാത്രി ഏഴ് മണിക്കാണ് ഇന്ത്യയുടെ മത്സരം. യു.എസ്.എ ആണ് എതിരാളികള്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം.
ടൂർണമെന്റിന് മുന്നേ തന്നെ രാഷ്ട്രീയ വിവാദങ്ങള്‍ കൊണ്ട് ചൂടിപിടിച്ചാണ് ടൂർണമെന്റ് അരങ്ങേറുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു. ബംഗ്ലാദേശിനെ പിന്തുണച്ച പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.
ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ടൂർണമെന്റ് ചരിത്രത്തില്‍ ഒരു ടീമിനും ഇതുവരെ കിരീടം നിലനിർത്താനായില്ല എന്ന ചരിത്രം തിരുത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങി ടീമുകളും കരുത്തരാണ്.
കരുത്തുറ്റ ബാറ്റിങ്, ബൗളിങ് നിര ഇന്ത്യൻ ടീമിനുണ്ട്. എല്ലാവരും മികച്ച ഫോമിലാണ്. വാംഅപ് മത്സരത്തില്‍ മാറ്റിനിർത്തിയ സഞ്ജു സാംസണ് ഇന്ന് അവസരം കിട്ടുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
