അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോക കിരീടം ഉയര്‍ത്തി ഇന്ത്യ, മിന്നിച്ച് വൈഭവ് സൂര്യവംഷി, ഇന്ത്യയുടെ ആറാം ലോകകിരീടം
സിംബാവെ : ഹരാരെയില്‍ വെള്ളിയാഴ്ച നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഓപ്പണർ സൂര്യവംശിയുടെ പ്രകടനം. വെറും 55 പന്തില്‍ സെഞ്ചുറി തികച്ച സൂര്യവംശി, അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് സ്വന്തമാക്കി. 80 പന്തില്‍ 175 റണ്‍സെടുത്ത സൂര്യവംശിയുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ 411/9 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ മത്സരത്തില്‍ പിടിമുറുക്കി. കാലേബ് ഫാല്‍ക്കണർ 67 പന്തില്‍ 115 റണ്‍സുമായി പൊരുതിയെങ്കിലും 311 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ബെൻ മയേസ് (45), നായകൻ തോമസ് റ്യൂ (31), ജെയിംസ് മിന്റോ (28) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ മറികടക്കാനായില്ല. ഇന്ത്യക്കായി ആർ.എസ്. അംബ്രിഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപേഷ് ദേവേന്ദ്രൻ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റുകള്‍ വീതവും ക്യാപ്റ്റൻ ആയുഷ് മാത്രെയും ഖിലാൻ പട്ടേലും ഒരോ വിക്കറ്റുകളും വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി. തുടക്കത്തില്‍ ശ്രദ്ധയോടെയാണ് ഇന്ത്യ ബാറ്റേന്തിയത്. പവർപ്ലേയിലെ ആദ്യ ഓവറുകളില്‍ മെല്ലെ തുടങ്ങിയ ഇന്ത്യ നാല് ഓവറില്‍ 20 റണ്‍സെത്തിയപ്പോഴേക്കും മലയാളി താരം ആരോണ്‍ ജോർജിന്റെ ( 9) വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് ടീമിനെ കരകയറ്റുന്ന കാഴ്ചയാണ് കണ്ടത്. സൂര്യവംശിക്കൊപ്പം ക്യാപ്റ്റൻ ആയുഷ് മാത്രെ (53) മികച്ച പിന്തുണ നല്‍കി. ഇരുവരും ചേർന്ന് 19 ഓവറില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യവംശിയുടെ 175 റണ്‍സ് ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. 15 ഫോറുകളും 15 സിക്സറുകളുമാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നത്. 32 പന്തില്‍ അർധസെഞ്ചുറി തികച്ച താരം അടുത്ത 50 റണ്‍സുകള്‍ വെറും 23 പന്തില്‍ നിന്നാണ് അടിച്ചെടുത്തത്. ആകെ 175 റണ്‍സില്‍ 150 റണ്‍സും ബൗണ്ടറികളിലൂടെയാണ് പിറന്നത്. സൂര്യവംശിക്ക് ശേഷം അഭിഗ്യാൻ കുണ്ടു (40), വേദാന്ത് ത്രിവേദി (32), വിഹാൻ മല്‍ഹോത്ര (30), കനിഷ്ക് ചൗഹാൻ (37) എന്നിവരും നിർണ്ണായക സംഭാവനകള്‍ നല്‍കിയതോടെ ഇന്ത്യ സുരക്ഷിതമായ സ്കോറിലെത്തി. ഇംഗ്ലീഷ് ബൗളർമാരായ റാല്‍ഫി ആല്‍ബർട്ടിനും ഫർഹാദ് അഹമ്മദിനും വലിയ പ്രഹരമാണ് സൂര്യവംശിയില്‍ നിന്ന് നേരിടേണ്ടി വന്നത്.
ഈ ഇന്നിംഗ്സിലൂടെ നിരവധി റെക്കോർഡുകള്‍ സൂര്യവംശി തിരുത്തിക്കുറിച്ചു. ഒരു യൂത്ത് ഏകദിന ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (15) നേടുന്ന താരം, ഏറ്റവും വേഗത്തില്‍ 150 റണ്‍സ് തികയ്ക്കുന്ന താരം (71 പന്തില്‍) എന്നീ റെക്കോർഡുകള്‍ ഇനി ഈ 14-കാരന് സ്വന്തം. ടൂർണമെന്റിലുടനീളം 22 സിക്‌സറുകള്‍ പറത്തിയ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോർഡും മറികടന്നു. കൂടാതെ അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി ഉടമയായും അദ്ദേഹം മാറി. 26-ാം ഓവറില്‍ പുറത്തായ സൂര്യവംശിയെ ഇംഗ്ലണ്ട് താരങ്ങള്‍ മൈതാനത്ത് വെച്ച് അഭിനന്ദിച്ചത് അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാറ്റ് വർധിപ്പിച്ചു.
