സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ചുദിവസം മാത്രം ; ശനിയാഴ്ച അവധിക്ക് തത്വത്തില്‍ അംഗീകാരം
തിരുവനന്തപുരം : സർക്കാർ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തില്‍ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍. ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിർപ്പില്ലെന്ന നിലപാടിലാണ് ജീവനക്കാർ. അതേസമയം, പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ സംഘടനാ പ്രതിനിധികള്‍ കടുത്ത എതിർപ്പ് അറിയിച്ചു.
പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ അഭിപ്രായം ഉയർന്നു. പ്രാഥമിക ചർച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സർക്കാർ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടർ ചർച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ശമ്പള പരിഷ്കരണ കമ്മീഷനും ഭരണ പരിഷ്കരണ കമ്മീഷനും ആഴ്ചയില്‍ അഞ്ച് ദിവസത്തെ അവധി നിർദ്ദേശം നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു.
