January 25, 2026

കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ നിയമനംകിട്ടിയാല്‍ ഇനി 10 വര്‍ഷത്തേക്ക് മാറ്റമില്ല

Share

 

കൽപ്പറ്റ : കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കാൻ പുതിയ നിയമന വ്യവസ്ഥയുമായി സർക്കാർ. ഈ ജില്ലകള്‍ തെരഞ്ഞെടുത്ത് പിഎസ്സി പരീക്ഷ എഴുതി നിയമനം നേടുന്നവർക്കു കുറഞ്ഞത് 10 വർഷത്തേക്ക് മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം, വർക്കിംഗ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ, മ്യൂച്വല്‍ ട്രാൻസ്ഫർ എന്നിവ അനുവദിക്കില്ലെന്നാണു പുതിയ ചട്ടം. ഈ വ്യവസ്ഥ പിഎസ്സി വിജ്ഞാപനത്തില്‍ത്തന്നെ ഉള്‍പ്പെടുത്തും. ജോലിയില്‍ പ്രവേശിക്കുന്ന സമയത്തുതന്നെ ആവശ്യമെങ്കില്‍ ഇതു സംബന്ധിച്ച്‌ ഉദ്യോഗാർഥികളില്‍നിന്നു സമ്മതപത്രവും എഴുതി വാങ്ങും.

 

10 വർഷ കാലയളവിനിടെ ഇവർക്കു ലഭിക്കുന്ന സ്ഥാനക്കയറ്റവും അതത് ജില്ലകളില്‍ത്തന്നെ പരിമിതപ്പെടുത്തും. താരതമ്യേന മത്സരം കുറഞ്ഞ ഈ ജില്ലകള്‍ തെരഞ്ഞെടുത്ത് പിഎസ്സി പരീക്ഷയെഴുതി നിയമനം നേടിയതിനു ശേഷം പെട്ടെന്നുതന്നെ മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം.

 

ഈ മൂന്നു ജില്ലകളിലെയും ഉദ്യോഗസ്ഥക്ഷാമം സംബന്ധിച്ച്‌ ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചകളുടെകൂടി അടിസ്ഥാനത്തിലാണു പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരാൻ തീരുമാനിച്ചത്.


Share
Copyright © All rights reserved. | Newsphere by AF themes.